ഒളിമ്പിക് അസോസിയേഷനു മറുപടിയുമായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്
Friday, February 21, 2025 3:25 AM IST
തിരുവനന്തപുരം: കായിക വകുപ്പും കായിക സംഘടനകളും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ കേരള ഒളിമ്പിക് അസോസിയേഷനു മറുപടിയുമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി.
കായികമന്ത്രിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കേരള ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. കായിക വകുപ്പ് പണം തരാതെ എങ്ങനെ പുട്ടടിക്കുമെന്ന സുനില്‍ കുമാറിന്റെ പ്രസ്താവന തെറ്റാണെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഷറഫലി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാലര കോടിരൂപ സ്പോര്‍ട്സ് കൗണ്‍സിലിനു നല്‍കിയെന്നും ഷറഫലി ചൂണ്ടിക്കാട്ടി. സുനില്‍ കുമാര്‍ പ്രതിനിധാനം ചെയ്യുന്ന ഹോക്കി അസോസിയേഷനു മാത്രം 24 ലക്ഷം നല്കി. ഗവണ്മെന്റിനെയും മന്ത്രിയെയും സ്പോര്‍ട്സ് കൗണ്‍സിലിനെയും വിമര്‍ശിക്കാന്‍ സുനില്‍കുമാര്‍ ആരാണെന്നും ഷറഫലി ചോദിച്ചു.
ഒപ്പം ഹോക്കിയുടെ ഇപ്പോഴത്തെ നിലവാരം എന്താണെന്നും ഹോക്കിയെ മെച്ചപ്പെടുത്താന്‍ അസോസിയേഷന് എന്താണ് ചെയ്തതെന്നും ഷറഫലി ചോദിച്ചു. ഇത്രയധികം പണം സര്‍ക്കാരില്‍ നിന്ന് വാങ്ങിയിട്ടും ഹോക്കി അസോസിയേഷന് ഒന്നും ചെയ്തിട്ടില്ല. സുനില്‍ കുമാറിനെതിരേ സ്പോര്‍ട്സ് കൗണ്‍സില്‍ പരാതി നല്‍കുമെന്നും ഷറഫലി വ്യക്തമാക്കി.സര്‍ക്കാരിനെതിരായ സമരത്തിനു സര്‍ക്കാരിന്റെ തന്നെ ഗ്രാന്‍ഡ് ഉപയോഗിച്ചെന്നും ഷറഫലി ആരോപിച്ചു.
ദേശീയ ഗെയിംസില്‍ ഒത്തുകളി നടന്നെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാന് ആരോപിച്ചത് വനിതകളുടെ ബീച്ച് ഹാന്‍ഡ് ബോളിനെയല്ലെന്നും നെറ്റ്ബാളിനെതിരെയാണെന്നും ഷറഫലി പറഞ്ഞു. നാക്കുപിഴയാണെന്ന് മന്ത്രി തങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നില്ലെന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ മന്ത്രിയോട് ചോദിക്കണം. ഈ സാഹചര്യത്തില്‍ മെഡലുകള്‍ കടലില്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കായികതാരങ്ങള്‍ പിന്മാറണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്.രഞ്ജിത്ത് ആവശ്യപ്പെട്ടു.
സ്പോര്‍ട്സ് കൗണ്‍സിലില്‍ ശമ്പളം ഉടന്‍
സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ഉടന്‍ ശമ്പളം നല്കുമെന്നു പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കി. ഫെബ്രുവരി വരെയുള്ള ശമ്പളം നല്കാന് 2.70 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ കുടിശിക മാര്‍ച്ച് 31 ന് മുന്‍പ് തീര്‍ക്കും. ഒന്‍പത് കോടി രൂപ സര്‍ക്കാരിനോട് ഇതിനായി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.