ആശാ വർക്കർമാരുടെ സമരത്തിൽ കോടതിയലക്ഷ്യം: ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും
Friday, February 21, 2025 3:25 AM IST
കൊച്ചി: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സംഘടന നടത്തിയ രാപ്പകല്‍ ധര്ണയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി.
ഗതാഗതം തടസപ്പെടുത്തിയുള്ള ധര്‍ണ കഴിഞ്ഞ പത്തു മുതലായിരുന്നു. ഇതു കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി പരിപാടിയില്‍ പ്രസംഗകരായെത്തിയ രമേശ് ചെന്നിത്തലയേയും എംഎല്‍എമാരേയും എതിര്‍കക്ഷികളാക്കി മരട് സ്വദേശി എന്‍. പ്രകാശാണു ഹര്‍ജി നല്‍കിയത്.
അസോസിയേഷന്റെ പ്രതിഷേധപരിപാടി റോഡില്‍ കസേരയടക്കം നിരത്തിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. രമേശ് ചെന്നിത്തല, എംഎല്‍എമാരായ എം. വിന്‍സെന്റ്, കെ.കെ. രമ, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, സംഘടനാനേതാക്കള്‍ തുടങ്ങി 13പേരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി നല്‍കിയത്.
സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇതേ ഹർജിക്കാരന് നല്കിയ കോടതിയലക്ഷ്യ ഹർജികള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.