കൈക്കൂലി കേസ്: ആര്‍ടിഒയും ഏജന്റുമാരും റിമാന്‍ഡിൽ
Friday, February 21, 2025 12:50 AM IST
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒയെയും ഏജന്റുമാരെയും കോടതി റിമാന്‍ഡ് ചെയ്തു.
എറണാകുളം ആര്‍ടിഒ ജെര്‍സണ്‍, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയാണ് ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആര്‍ടിഒയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ഇതിനായി ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
അതിനിടെ ആര്‍ടിഒ ജെര്‍സണിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ വിജിലന്‍സ് ഇന്നലെയും പരിശോധന നടത്തി. പരിശോധനയില്‍ 74 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ രേഖകളും 64000 രൂപയും, ഭൂമി വാങ്ങിയതിന്റെ രേഖകളും 74 കുപ്പി വിദേശ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു.
പ്രതികള്‍ അറസ്റ്റിലായ ബുധനാഴ്ച വൈകുന്നേരവും ആര്‍ടിഒയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. അന്ന് 49 കുപ്പി വിദേശമദ്യം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജെര്‍സണിന്റെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ജെര്‍സണെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് ഉടന്‍ തന്നെ വാഹനവകുപ്പിന് കൈമാറും.
ബുധനാഴ്ച എറണാകുളം ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് സമീപത്തു നിന്നാണ് 5000 രൂപയും ഒരു കുപ്പി മദ്യവും ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം കൈക്കൂലിയായി വാങ്ങുന്നതിനിടെ ഏജന്റുമാരായ സജിയും രാമപടിയാറും പിടിയിലായത്. ഇവരുടെ മൊഴിയുടെ കുറ്റസമ്മത മൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആര്‍ടിഒ ജെര്‍സണെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.