റാഗിംഗ് പ്രതികള്‍ക്ക് രക്ഷാപ്രവര്‍ത്തകരായി പോലീസും
Thursday, February 20, 2025 6:02 AM IST
കോട്ടയം: ഗവണ്മെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റൽ റാഗിംഗ് കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല പോലീസും രക്ഷാപ്രവര്‍ത്തകരായി. കോട്ടയം സബ് ജയിലില്‍നിന്നും പ്രതികളെ ഏറ്റുമാനൂര്‍ കോടതിയിലും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി.
സിപിഎം അനുകൂല സംഘടന കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), അസോസിയേഷന് അംഗങ്ങളായ മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി.റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നീ പ്രതികളെ ഇന്നലെ രാവിലെ കോട്ടയം സബ് ജയിലില്‍നിന്ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതികള്‍ കോടതിയില്‍ നടത്തിയ അഭ്യര്‍ഥന മാനിച്ചാണെന്ന ന്യായം പറഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് തിരികെ അയച്ചു.
പ്രതികളെ ഹോസ്റ്റലില്‍ എത്തിക്കുമ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ഒത്താശയില്‍ ഇത്തരം നീക്കമുണ്ടായതെന്നാണ് ആരോപണം. റാഗിംഗ് കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഗാന്ധിനഗര്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുകയോ പ്രതികളുടെ ഫോട്ടോയെടുക്കാന്‍ അനുവദിക്കുകയോ ചെയ്തില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതികളെ കനത്ത പോലീസ് സന്നാഹത്തിലാണ് ഹോസ്റ്റലില്‍ എത്തിച്ചത്.
മൃഗീയ റാഗിംഗ് നടന്ന എല്ലാ മുറികളിലും പ്രതികളെ എത്തിച്ച് പീഡനമുറകള്‍ നടത്തിയതെങ്ങനെയെന്ന് ആരാഞ്ഞു. നടപടികള്‍ വീഡിയോയിലും പകര്‍ത്തി. ഒരു മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.