ഏലകൃഷി നശിച്ച കർഷകർക്ക് 10 കോടി അനുവദിച്ചു
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ കടുത്ത വരൾച്ചയിൽ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നശിച്ചുപോയ ഏല കൃഷി പുനരുദ്ധാരണത്തിനായി 10 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
15000 ഹെക്ടറിലധികം സ്ഥലത്തെ ഏലകൃഷി നശിച്ചതായാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപ്പെട്ടു പോയ കൃഷി വീണ്ടെടുക്കുന്നതിനായി 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ കൂടി ആലോചനാ യോഗം ചേർന്ന ശേഷമാണ് സംസ്ഥാന ദുരന്ത നിവാരണ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.
നഷ്ടപ്പെട്ടുപോയ ഏല കൃഷി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.