വേണ്ടപ്പെട്ടവർക്ക് വേണ്ടതിലധികം!; കെ.വി. തോമസിന്റെ യാത്രാബത്ത കൂട്ടാൻ ശിപാർശ
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പളം നാലു ലക്ഷമാക്കി ഉയർത്തിയതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന്റെ പ്രതിവർഷ യാത്രാബത്ത 11.31 ലക്ഷമാക്കി ഉയർത്തണമെന്നു ശിപാർശ.
കെ.വി. തോമസിന് പ്രതിവർഷം 6.31 ലക്ഷം രൂപ യാത്രാബത്ത (ടിഎ) ഇനത്തിൽ ചെലവാകുന്ന സാഹചര്യത്തിൽ 2025- 26 സാന്പത്തിക വർഷത്തെ ബജറ്റിൽ 11.31 ലക്ഷമാക്കി ഉയർത്തണമെന്നു പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗമാണ് ധനവകുപ്പിനോടു ശിപാർശ ചെയ്തത്.
2023 ജനുവരിയിലാണ് കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ചത്. പ്രതിവർഷം യാത്രാബത്തയ്ക്ക് 6.31 ലക്ഷം കെ.വി. തോമസിന് ചെലവാകുന്നു എന്നാണ് സർക്കാർ കണക്ക്.
അതിനാൽ യാത്രാബത്തയുടെ ബജറ്റ് വിഹിതം 11.31 ലക്ഷമായി ഉയർത്തണമെന്നും കേരള ഹൗസിൽ നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധിയുടെ യാത്രാബത്ത ഇനത്തിൽ അധിക ചെലവ് വഹിക്കേണ്ടതുകൊണ്ടാണ് തുക ഉയർത്താൻ ആവശ്യപ്പെട്ടതെന്നുമാണ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിന്റെ വിശദീകരണം. കെ.വി. തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റിൽ നൽകിയത് 24.67 ലക്ഷം രൂപയായിരുന്നു.