വീട് ജപ്തി ചെയ്തു; അരൂക്കുറ്റിയില്‍ കുടുംബം മൂന്നു ദിവസമായി പുറത്ത്
Friday, February 21, 2025 12:50 AM IST
ആലപ്പുഴ: അരൂക്കുറ്റിയില്‍ വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് കുടുംബം മൂന്നു ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്.
അരൂകുറ്റി പുത്തന്‍ നികര്‍ത്തില്‍ രാമചന്ദ്രന്റെ വീടാണ് ജപ്തി ചെയ്തത്. രാമചന്ദ്രന്റെ മകന് റിനീഷിന്റെ പേരിലാണ് ലോണ്‍ എടുത്തിരിക്കുന്നത്. റിനീഷ് എറണാകുളത്ത് സര്‍ക്കാര്‍ ബോട്ട് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് വായ്പാ കുടിശികയുടെ പേരില്‍ വീട് ജപ്തി ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി ഇഎംഐ അടച്ചിട്ടില്ല. മൂന്നര ലക്ഷം രൂപയാണ് കുടിശിക. ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് എന്ന സ്ഥാപനമാണ് ജപ്തി നടത്തിയത്.
പിതാവിന്റെ രോഗം കാരണം തിരിച്ചടവ് മുടങ്ങിയെന്ന് കുടുംബം അറിയിച്ചു. കുട്ടികളുടെ പുസ്തകം പോലും എടുക്കാന്‍ അനുവദിച്ചില്ലെന്നും ലോണടക്കാന്‍ സാവകാശം നല്‍കിയില്ലെന്നും കുടുംബം പറഞ്ഞു. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉള്‍പ്പെടെയാണ് മൂന്ന് ദിവസമായി വീടിന് പുറത്തു കഴിയുന്നത്.