മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു
Thursday, February 20, 2025 6:02 AM IST
മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജ് വിദ്യാർഥികളായ ആർ. വേണിക (19), ആർ. ആദിക(18), സുതൻ (19) എന്നിവരാണ് മരിച്ചത്. വേണിക, ആദിക തുടങ്ങിയവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുതനെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്പോഴാണ് മരിച്ചത്.
ഗുരുതരമായ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തേനി, കോലഞ്ചേരി , കോട്ടയം എന്നിവടങ്ങളിലുള്ള ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് കോളജ് വിദ്യാർഥികളായ 45 പേരടങ്ങുന്ന വിനോദയാത്രാ സംഘം മൂന്നാറിൽ എത്തിയത്.
രാവിലെ മാട്ടുപ്പെട്ടി ഡാം സന്ദർശിച്ച സംഘം കുണ്ടള ഡാം സന്ദർശിക്കുവാൻ പോകുന്ന വഴി മധ്യേ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് റോഡിലേക്ക് മറിയുകയായിരുന്നു.