രജിത മെമ്മോറിയൽ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ മുതൽ
Friday, February 21, 2025 3:25 AM IST
തൃപ്പൂണിത്തുറ: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന് (എകെടിഎ) സംഘടിപ്പിക്കുന്ന രണ്ടാമത് രജിത മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ മുതല്‍ 25 വരെ തൃപ്പൂണിത്തുറ പൂജ ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ പത്തിന് തൃക്കാക്കര എസിപി പി.വി. ബേബി ഉദ്ഘാടനം ചെയ്യും.
സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു രജിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.
തായ്ലൻഡ്, മലേഷ്യ, ബാലി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും മറ്റുമായി ടൂറിസം മേഖലയില്‍നിന്നുള്ള 32 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിലെ ജേതാക്കള്‍ക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കുമെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.