ഘടകകക്ഷികൾക്കു നട്ടെല്ലില്ല: ചെന്നിത്തല
Friday, February 21, 2025 12:50 AM IST
പാലക്കാട്: മുഖ്യമന്ത്രിക്കെതിരേ സംസാരിക്കാനുള്ള നട്ടെല്ല് സിപിഐക്കും ആർജെഡിക്കും ഇല്ലെന്നു വ്യക്തമായതായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എലപ്പുള്ളിയിൽ മദ്യനിർമാണക്കന്പനി അനുവദിക്കില്ലെന്ന് ആവർത്തിച്ചുപ്രഖ്യാപിച്ച ഇരുപാർട്ടികളും ഇടതുമുന്നണി യോഗത്തിൽ മൗനം പാലിച്ചത് മുഖ്യമന്ത്രിക്കെതിരേ സംസാരിക്കാനുള്ള നട്ടെല്ലില്ലാത്തതിനാലാണ്.
ഒയാസിസ് കന്പനിയുടെ പിആർഒ ആയി മന്ത്രി എം.ബി. രാജേഷ് തരംതാഴ്ന്നിരിക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു. എലപ്പുള്ളിയിൽ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള എൽഡിഎഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്നു സിപിഐയുടെയും ആർജെഡിയുടെയും സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ആവർത്തിച്ചുപ്രഖ്യാപിച്ചിരുന്നതാണ്.
പക്ഷേ, മുന്നണിയോഗത്തിൽ ഇരു പാർട്ടികളും ഒന്നും പറഞ്ഞില്ല. ഒയാസിസ് കന്പനിയുടെ ആൾക്കാർ സാന്പത്തികമായി സഹായിച്ചതിനാലാണോ നിലപാട് മാറ്റിയതെന്ന് ഇരു പാർട്ടികളും വ്യക്തമാക്കണം. പ്ലാച്ചിമട സമരത്തിൽ സജീവമായിരുന്ന രണ്ടു പാർട്ടികളുടെയും നിലപാടുമാറ്റം കാണുന്പോൾ അങ്ങനെയും സംശയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.