വീടിനുള്ളിലേക്കു കാട്ടുപന്നി ഓടിക്കയറി; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യുവാവ്
Thursday, February 20, 2025 6:02 AM IST
കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കോഴിക്കോട് നരിക്കുനിയിലാണു വീട്ടിനുള്ളിലേക്കു കാട്ടുപന്നി ഓടിക്കയറിയത്. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനു നേരെയാണു കാട്ടുപന്നി പാഞ്ഞടുത്തത്.
കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലെ മുറിയിലേക്കു മാറിയതിനാലാണ് അപകടമൊഴിവായത്. വരാന്തയിൽ കയറി യകാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റത്തേക്കുതന്നെ ഓടിപ്പോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞെത്തിയ കാട്ടുപന്നി വീടിന്റെ വരാന്തയിലേക്ക് ഓടിക്കയറി.
ഇതോടെ വരാന്തയിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്.