പിഎസ്സി അംഗങ്ങളുടെ ശന്പളവർധന: മുൻകാല പ്രാബല്യം ജനുവരി മുതൽ
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പള വർധന പ്രഖ്യാപിച്ചത് 2025 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ.
2016 മുതലുള്ള മുൻകാല കുടിശികയാണ് ശന്പള വർധന ഫയലിൽ പിഎസ്സി ആവശ്യപ്പെട്ടിരുന്നത്. ഇത്രയും നാളത്തെ മുൻകാല കുടിശിക നൽകാൻ സർക്കാർ കോടികൾ നൽകേണ്ടി വരും.
ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ ശന്പള കുടിശിക മാത്രമാക്കി ചുരുക്കാൻ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതെന്നാണ് വിവരം.
പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പള വർധന നടപ്പാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ സർക്കാർ ഉത്തരവ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും.
പിഎസ്സി ചെയർമാനും അംഗങ്ങൾക്കും 1.25 ലക്ഷം രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വർധന വരുത്താനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചത്. നേരത്തേ എം.കെ. സക്കീർ ചെയർമാനായിരിക്കേയാണ് ശന്പള വർധന ആവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചത്.
അന്ന് ഫയൽ മന്ത്രിസഭയുടെ മുന്നിലെത്തിയെങ്കിലും ഘടകകക്ഷി മന്ത്രിമാരുടെ എതിർപ്പിനെ തുടർന്നു മാറ്റിവച്ചു. പിന്നീട് പലപ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴും മാറ്റിവച്ചിരുന്നു.
ഇതാണ് കഴിഞ്ഞ ദിവസം വീണ്ടുമെത്തുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തത്. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിയുടെ പരമാവധി സൂപ്പർ ടൈം സ്കെയിലും അംഗങ്ങൾക്ക് ജില്ലാ ജഡ്ജി സെലക്ഷൻ ഗ്രേഡിന്റെ ശന്പള സ്കെയിലുമാണ് നിശ്ചയിച്ചത്.