ബാഗേജിൽ ബോംബെന്നു പറഞ്ഞ ആൾ അറസ്റ്റിൽ
Friday, February 21, 2025 3:26 AM IST
നെടുമ്പാശേരി: ബാഗേജിൽ കനം കൂടുതലാണല്ലോ എന്താണ് ഇതിലെന്ന ചോദ്യത്തിന് ബോംബുണ്ടെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി റഷീദാണ് അറസ്റ്റിലായത്.
തായ് എയർ വിമാനത്തിൽ മലേഷ്യയിലെ ക്വലാലംപുരിലേക്കു പോകാനാണ് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ലഗേജിൽ നിശ്ചിതപരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. സുരക്ഷാ പരിശോധനയ്ക്കിടെ ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്നതാണ് യാത്രക്കാരന്റെ പെട്ടെന്നുള്ള പ്രതികരണത്തിനു കാരണം.
ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഇയാളെ പിന്നീട് നെടുമ്പാശേരി പോലീസിനു കൈമാറി. യാത്രക്കാരനെതിരേ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അടുത്തകാലത്ത് നെടുമ്പാശേരിയിൽ വിമാനങ്ങൾക്ക് നിരവധി തവണയാണു വ്യാജ ബോംബ് ഭീഷണി ഉണ്ടായത്.