മുറിവേറ്റ കൊമ്പനെ കോടനാട് എത്തിച്ചു; ചികിത്സ ഉടന്‍ ആരംഭിക്കും
Thursday, February 20, 2025 6:02 AM IST
പെരുമ്പാവൂര്‍: അതിരപ്പിള്ളി വനത്തില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കൊമ്പനെ കോടനാട് എത്തിച്ചു. കോടനാട് കപ്രിക്കാട് അഭയാരണ്യത്തില്‍ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് ആനയെ പാര്‍പ്പിച്ചിരിക്കുന്നത്. വാഴച്ചാല്‍ ഡിഎഫ്ഒ ആര്. ലക്ഷ്മിയുടെ നേതൃത്വത്തില്‍ ഏഴാറ്റുമുഖത്തിനു സമീപത്തുവച്ച് മയക്കുവെടി വച്ച് ഇന്നലെ രാവിലെ 11ഓടെയാണ് പ്രത്യേക സംഘം ആനയെ കോടനാട് എത്തിച്ചത്.
കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ കൂട്ടിലേക്കു കയറ്റിയത്. മസ്തകത്തിലെ മുറിവ് വൃത്തിയാക്കിയശേഷം മരുന്ന് വച്ചു.
30 സെന്റീമീറ്ററോളം ആഴമുള്ള മുറിവാണ് മസ്തകത്തിലുള്ളത്. മറ്റ് ആനകളുമായി കുത്തുകൂടിയപ്പോള്‍ ഉണ്ടായതാകും മുറിവെന്നാണു നിഗമനം.
ഏകദേശം ഒന്നര മാസത്തെ ചികിത്സാപദ്ധതിയാണു തയാറാക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. ചികിത്സയ്ക്കുശേഷം കൊമ്പനെ വനത്തിലേക്ക് തിരിച്ച് അയക്കുമോ എന്നതില്‍ വ്യക്തതയില്ല.