ഇപിഎഫ് പിൻവലിക്കൽ ഇനി യുപിഐ വഴിയും
Friday, February 21, 2025 12:50 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് തുക പിൻവലിക്കൽ യുപിഐ വഴിയും നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ രൂപരേഖ തയാറാക്കി . ഇതിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇപിഎഫ്ഒ അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ 7.4 ദശലക്ഷം ഇപിഎഫ് വരിക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളിലെ കാര്യക്ഷമതയും പ്രവേശന ക്ഷമതയും വർധിപ്പിക്കുന്നതിനും ഇപിഎഫ്ഒ ഏറ്റെടുക്കുന്ന മറ്റൊരു പരിഷ്കാരമാണ് യുപിഐയുമായുള്ള സംയോജനമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വരിക്കാരന്റെ ഇപിഎഫ് അക്കൗണ്ട് യുപിഐയുമായി ലിങ്ക് ചെയ്ത് കഴിഞ്ഞാൽ ഡിജിറ്റൽ വാലറ്റ് വഴി അവരുടെ ക്ലെയിം തുക അക്സസ് ചെയ്യാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് തുക പിൻവലിക്കൽ ലളിതമാക്കുന്നതിന് തൊഴിൽ മന്ത്രാലയം ഇപിഎഫ്ഒയുടെ ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി ജൻ ധൻ യോജനയെ പിന്തുണയ്ക്കുന്ന ഇടപാട് സുതാര്യതയുടെ പ്രയോജനം വിദൂര പ്രദേശങ്ങളിലെ വരിക്കാർക്ക് ലഭിക്കാൻ യുപിഐ സാങ്കേതിക വിദ്യയുടെ ഉൾപ്പെടുത്തൽ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിന് അപ്പുറം വേഗത്തിലുള്ള തീർപ്പുകൽപ്പിക്കലിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
യുപിഐ സംയോജനം വേഗത്തിലും എളുപ്പത്തിലും പിഎഫ് തുക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇടപാട് പരിധികൾ, സുരക്ഷ, നിയന്ത്രണങ്ങൾ പാലിക്കൽ തുടങ്ങിയ പ്രധാന പരിഗണനകൾ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമാകാനുണ്ട്.
പെൻഷൻ സേവനങ്ങൾ മെച്ചപ്പെടുത്തൽ, പിഎഫ് തുക ക്ലെയിം പ്രോസസിംഗ് കാര്യക്ഷമമാക്കൽ, ഐ ടി സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്കാരങ്ങൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇപിഎഫ്ഒ നടപ്പിലാക്കിക്കഴിഞ്ഞിട്ടുമുണ്ട്.