അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ആശാ വർക്കർമാരുടെ മഹാസംഗമം
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ കഴിഞ്ഞ 11 ദിവസമായി നടത്തിവന്ന സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ മഹാസംഗമത്തില്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.
ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മഹാസംഗമം നടത്തിയത്.
സെക്രട്ടേറിയറ്റ് നടയില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം നയിക്കുന്ന നേതാക്കള്‍ക്ക് കന്റോണ്‍മെന്റ് പോലീസ് ഭീഷണി സമന്‍സ് അയച്ചത് വിവാദമായിരുന്നു. സമരത്തിനു നേതൃത്വം നല്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, നേതാക്കളായ എസ്. മിനി, പി.കെ. റോസമ്മ, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
കലാപത്തിന് ആഹ്വാനം ചെയ്യല്‍, പോലീസിന്റെ നിര്‍ദേശം അനുസരിക്കാതിരിക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുവഴി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ഭാരതീയ നിയമസംഹിതയിലെയും കേരള പോലീസ് ആക്റ്റിലെയും വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി സമന്‍സ് അയച്ചത്.
ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച മഹാസംഗമം രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു.
പ്രഫ.എം.പി. മത്തായി, ഡോ.കെ.ജി. താര, എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, വി.ടി. ബല്‍റാം, അനൂപ് ജേക്കബ്, മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്, മുന്‍ പിഎസ്സി അംഗം എ.കെ. സാദിഖ്, ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് കെ. ശൈവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡല്‍ഹിയില്‍ സമരത്തിന് തയാറെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ പോയി സമരം ചെയ്യാന്‍ തയാറാണെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശാ വര്‍ക്കര്‍മാരുടെ വേതനത്തിനായി 100 കോടി രൂപ വേണ്ടിയിരുന്നു. എന്നാല്‍ കേന്ദ്രം ഈ തുക നല്‍കിയില്ല.
2023-24 കാലയളവില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. ഈ തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്ത് അയച്ചതിന്റെ രേഖയുണ്ട്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക നല്കുന്ന സംസ്ഥാനമാണ് കേരളം. 7000 രൂപയാണ് ഓണറേറിയമായി സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.