മാലിന്യമുക്ത നവകേരളവും അതിദരിദ്രരില്ലാത്ത കേരളവും ലക്ഷ്യത്തിലേക്ക്: മന്ത്രി
Thursday, February 20, 2025 5:32 AM IST
ഗുരുവായൂർ: തദ്ദേശസ്ഥാപനങ്ങളുടെ വിലയിരുത്തൽ കഴിഞ്ഞപ്പോൾ 852 സ്ഥാപനങ്ങൾ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഏറെക്കുറെ പൂർണതയിലെത്തിയതായി മന്ത്രി എം.ബി. രാജേഷ്. 182 തദ്ദേശസ്ഥാപനങ്ങൾകൂടി മാലിന്യമുക്ത നവകേരളത്തിന്റെ പൂർണതയിലെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശദിനാഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാലിന്യമുക്ത നവകേരളം, അതിദരിദ്രർ ഇല്ലാത്ത കേരളം എന്നീ വിഷയങ്ങൾ ക്രോഡീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 30നു എല്ലാ പഞ്ചായത്തുകളും മാലിന്യമുക്തപ്രഖ്യാപനം നടത്തണം. ഈ മാസവും അടുത്ത മാസവും എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപവത്കരിക്കണമെന്നും നിലവിൽ ജില്ലയിലുള്ള സ്ക്വാഡുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും മാർച്ച് 30 നുമുൻപ് ശുചിത്വസദസുകളും പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നേതൃത്വത്തിൽ ശുചിത്വസന്ദേശ ജാഥകളും നടത്തേണ്ടതുണ്ട്. ഏപ്രിൽ ഒൻപതുമുതൽ 13 വരെ മാലിന്യമുക്ത നവകേരളം കാന്പയിനു സമാപനം കുറിച്ചുകൊണ്ട് ഒരു മെഗാ ഇവന്റ് തിരുവനന്തപുരത്തു നടത്തും. ഇതിനുപുറമെ മേയ് മാസത്തിൽ അന്താരാഷ്ട്ര അർബൻ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്വരാജ്, മഹാത്മാ ട്രോഫികൾ മന്ത്രി വിതരണം ചെയ്തു. തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, കൊച്ചി മേയർ എം. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.