മന്ത്രിക്കും കാട്ടാനയ്ക്കും വാഹനവ്യൂഹം; അനാഥ ഇരകള്‍ക്ക് ആരോരുമില്ല
റെജി ജോസഫ്
Thursday, February 20, 2025 6:02 AM IST
കോട്ടയം: മന്ത്രിമാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം വാഹന അകമ്പടിയുള്ളത് കൊലയാളി കാട്ടാനകള്ക്കാണ്. 12 പേരെ അരുംകൊല ചെയ്യുകയും 20 പേരുടെ എല്ലൊടിക്കുകയും 175 വീടുകള്‍ ഇടിച്ചുനിരത്തുകയും ചെയ്ത അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്നു പെരിയാര്‍ വനം കയറ്റിവിടാന്‍ പോയത് 32 വാഹനങ്ങളുടെ അകമ്പടിയിലാണ്. പല വാഹനങ്ങളിലും ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
അരിക്കൊമ്പനെ ഒരു മാസം നിരീക്ഷിക്കാനും മയക്കാനും നടത്തിയ ധീര ഒപ്പറേഷനില്‍ പങ്കെടുത്ത 71 ഉദ്യോഗസ്ഥര്‍ക്കും കുങ്കിയാനകള്‍ക്കും പാപ്പാന്മാര്ക്കും പരിവാരങ്ങള്‍ക്കും വേണ്ടി ഖജനാവ് പൊടിച്ചത് ഒരു കോടി രൂപയാണെന്ന് പറയപ്പെടുന്നു. അതായത് അരിക്കന്പന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത നഷ്ടപരിഹാരത്തെക്കാള്‍ കൂടിയ തുക.
ആതിരപ്പള്ളിയില്‍ പെരുകിയ കാട്ടാനപ്പോരില് തലയില്‍ കൊമ്പുകയറിയ കൊമ്പനെ മയക്കി ആന ആംബുലന്‍സില്‍ കോടനാടെത്തിക്കാന് ഇന്നലെ പതിനാല് വാഹനങ്ങളുടെ അകമ്പടി. ചാനലുകളില്‍ ആന ദ്യശ്യം മിന്നിമറഞ്ഞപ്പോള്‍ ഒാര്‍ക്കുക കഴിഞ്ഞയാഴ്ച പെരുവന്താനം ചെന്നാപ്പാറയില്‍ കാട്ടാന കുത്തിക്കൊന്ന സോഫിയയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്സല്ലാതെ വനപാലകരുടെ അകടമ്പടിവാഹനമൊന്നുമുണ്ടായിരുന്നില്ല.
സോഫിയയുടെ ഭര്‍ത്താവ് ഇസ്മയില്‍ വീടുപുലര്‍ത്താന്‍ ഇന്നലെയും കൂലിപ്പണിക്കുപോയി. കൊലയാനയെ ഭയന്ന് വീടൊഴിഞ്ഞ ഇസ്മായില്‍ സമീപത്തെ ടിആര്‍ആന്റ്ടി എസ്റ്റേറ്റ് ലയത്തില്‍ അഭയം തേടിയിരിക്കുന്നു. നഷ്ടപരിഹാരത്തുകയില്‍ ശേഷിക്കുന്ന അഞ്ചു ലക്ഷം രൂപ എന്നു കിട്ടുമെന്ന് ഇസ്മയിലിന് അറിയില്ല. എന്നു കൊടുക്കുമെന്ന് വനാധിപതികളും പറയുന്നില്ല.
കുഴിയില്‍ വീഴുന്ന കാട്ടാനയെ കയറ്റാന്‍ ആള്പ്പടയുണ്ട്. പ്രളയത്തില്‍ ഒഴുകിവരുന്ന ആനക്കുട്ടിയെ പാല്കുടിപ്പിക്കാനും കുളിപ്പിക്കാനും ആളുണ്ട്. കാട്ടാന കൊന്നവരുടെ അനാഥമക്കള്‍ക്ക് പാലും ചോറുമുണ്ടോ എന്ന് വനംവകുപ്പിന് അറിയേണ്ട കാര്യമില്ല.
ഇന്നലെ തൃശൂര്‍ താമരവെള്ളച്ചാലില്‍ കാട്ടാന ചവിട്ടിക്കൊന്ന പ്രഭാകരന് എന്ന ആദിവാസിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിക്കാനും ഉദാരമതികള്‍ വേണ്ടിവന്നു. അരിക്കൊമ്പന് അരുംകൊലചെയ്തവരുടെ അനാഥ മക്കള്‍ ഇതേ റേഷന്‍ കടയില്‍ അരി വാങ്ങാന്‍ കാര്‍ഡ് നീട്ടുന്നത് കാണാന്‍ ഒരാളുമില്ല. അടുക്കള പുകയുന്നുണ്ടോ എന്നൊന്നും കാടാരാധകര് അന്വേഷിക്കുന്നില്ല. കാടുകയറ്റി വിട്ട അരിക്കൊമ്പന് കഴിക്കുന്നോ നീരാടുന്നുണ്ടോ എന്നൊക്കെ നീരീക്ഷിക്കാന്‍ വനനീരീക്ഷകരേറെയുണ്ട്. അരിക്കൊമ്പനെ പിടിക്കാന്‍ മൂന്ന് ആഴ്ചയായിരുന്നു തയാറെടുപ്പുകള്‍. കര്‍ഫ്യൂ, അവധി, ടൂറിസ്റ്റ് നിരോധനം, മലയാളം തമിഴ് ഗോത്രഭാഷകളില്‍ ലഘുലേഖ, അനൗണ്‍സ്മെന്റ്. കൂടാതെ ഉദ്യോഗപ്പടയുടെ ട്രയല്‍ റണ്ണും.
മൂന്നാറിനെ വിറപ്പിക്കുന്ന തെമ്മാടിയാന പടയപ്പ ഒരേ പഴക്കട സ്ഥിരമായി അടിച്ചുതകര്‍ത്ത് അരക്കോടിയോളം രൂപയുടെ പഴം തിന്നുമുടിച്ചിട്ടുണ്ട്. സങ്കടഹര്‍ജിയുമായി വനംവകുപ്പിനെ സമീപിച്ചിട്ട് നയാ പൈസ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇതേ പടയപ്പ ഒന്നര പതിറ്റാണ്ടായി നടുറോഡില്‍ ഗുണ്ടായിസം തുടരുമ്പോഴും കാടുകയറ്റി വിടാന്‍ നല്ലനേരമായിട്ടില്ല.
ചക്കക്കൊമ്പന് കൊന്നത് പത്തുപേരെയും ഒന്നരക്കൊമ്പന്‍ കൊന്നത് നാലു പേരെയുമാണ്. വന്യമൃഗം കൊലചെയ്ത പലരുടെയും ആശ്രിതര്‍ക്ക് സങ്കേതികകാരണങ്ങള് നിരത്തി ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരഫയല് കെട്ടിമുറുക്കിവച്ചിരിക്കുന്നു. വയനാട്ടില്‍ കാട്ടാന കൊന്ന ആദിവാസിക്ക് രണ്ടു ഭാര്യമാരുണ്ടെന്നും കല്യാണം കഴിച്ചിട്ടില്ലെന്നുമൊക്കെ പറഞ്ഞ് ഫയല്‍ മടക്കി.
ആനചികിത്സയും ആനയെ പിടിത്തവും കാടുകയറ്റലും സുഖചികിത്സയുമൊക്കെ വകുപ്പുതല രാപകല്ക്കൊള്ളയാണ്. ആനയെക്കാള്‍ വിലയാണ് ആനയെ നാടുകടത്താനുള്ള ചെലവ്. എണ്ണം പെരുകി വനത്തില്‍ ആവാസം അസാധ്യമായതോടെ ആനകള്‍ തമ്മിലെ അതിജീവനക്കുത്താണ് നെറ്റിയില്‍ ഇന്നലെ കണ്ടതുപോലുള്ള മുറിവുകള്‍. ഒറ്റയാനോ മോഴയോ എന്തുമാകട്ടെ കാട്ടാനകളുടെ ബലാബലത്തില്‍ ഒട്ടേറെ ആനകള്‍ ചാകുന്നുണ്ട്. ഇടവും ഇരയും ഇല്ലാത്തവിധം പെറ്റുപെരുകുന്ന പുലികളും കടുവകളുമൊക്കെ കടിച്ചുകീറുന്നുണ്ട്. കര്ഷകന് കൊന്നതാണോ എന്ന് ഉറപ്പാക്കാനുള്ള പോസ്റ്റ്മോര്ട്ടത്തിലെ ജാഗ്രത വനാതിര്‍ത്തി സുരക്ഷിതമാക്കുന്നതില്‍ സര്‍ക്കാരിനില്ല.
കാട്ടില്‍ ഇടംപോരാതെ വരുമ്പോള്‍ ഇറങ്ങി നാടു മുടിക്കട്ടെ, മനുഷ്യരെ ഇരയാക്കട്ടെയെന്നൊക്കെയാണ് വനംവകുപ്പിന്റെ നെറികേട്. ഇത്തരത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ വനത്തോടു ചേര്‍ന്ന നൂറു കണക്കിന് കൃഷിയിടം കര്‍ഷകരില്‍നിന്ന് നിസാരവിലയ്ക്ക് വാങ്ങിക്കഴിഞ്ഞു.
ആനയ്ക്കും പുലിക്കും കടുവയ്ക്കും ആവോളം തീറ്റയും വെള്ളവും വനത്തില്‍ എത്തിച്ചുകൊടുക്കാന്‍ കേരള വനംവകുപ്പിന് പദ്ധതിയുണ്ടാകണം.
മൈസുരുവിലും മറ്റും ഉള്‍വനത്തില്‍ ടാങ്കുകെട്ടി വെള്ളവും തീറ്റയുമായി വനപാലകര്‍ പോകുന്നതൊന്നും കേരള വനംവകുപ്പ് കാണുന്നതേ യില്ല. വന്യമൃഗങ്ങളുടെ മനുഷ്യവേട്ടയ്ക്ക് അറുതിവരുത്താന്‍ മാര്‍ഗമൊന്നേയുള്ളു; കള്ളിംഗ്. വിദേശങ്ങളിലേതുപോലെ എണ്ണം നിയന്ത്രിക്കാന്‍ വെടിവച്ചുകൊല്ലണം.