നവകേരളസൃഷ്ടി യാഥാർഥ്യമാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്കു മുഖ്യപങ്ക്: മുഖ്യമന്ത്രി
Thursday, February 20, 2025 6:02 AM IST
ഗുരുവായൂർ: നവകേരളസൃഷ്ടി യാഥാർഥ്യമാക്കുന്നതിൽ സുപ്രധാനപങ്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള തദ്ദേശദിനാഘോഷ സമാപനസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യനിർമാർജനം, മാലിന്യനിർമാർജനം, പാലിയേറ്റീവ് കെയറുകൾ, സംരംഭകത്വങ്ങൾ ഇവയിലെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്. കേരളത്തിൽ സാർവത്രികവിദ്യാഭ്യാസം യാഥാർഥ്യമാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിച്ചത്.
നവംബർ ഒന്നിനു കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനാണു ലക്ഷ്യംവയ്ക്കുന്നത്. ഈ പദവി നേടുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മാലിന്യനിർമാർജനം പൂർണതയിൽ എത്തിക്കാൻ ഈ മാർച്ചോടെ സാധിക്കുമെന്നും 96 ശതമാനം മാലിന്യങ്ങളും നീക്കംചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. എംഎൽഎമാരായ എൻ.കെ. അക്ബർ, പി. മമ്മിക്കുട്ടി, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മുനിസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, മുനിസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ, തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.