തദ്ദേശ ദിനാഘോഷം; ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും: എം.ബി. രാജേഷ്
Wednesday, February 19, 2025 1:21 AM IST
ഗുരുവായൂർ: അസാധ്യമെന്നുകരുതി മാറ്റിനിർത്തിയ വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കഴിയുന്നുണ്ടെന്നു മന്ത്രി എം.ബി. രാജേഷ്. ഗുരുവായൂരിൽ നടക്കുന്ന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായുള്ള അക്കാദമിക് സെഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്ഥാപനങ്ങളിലെ ലൈസൻസ് ചട്ടങ്ങളിൽ സമഗ്രഭേദഗതിവരുത്തും. കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി അന്തിമഘട്ടത്തിലാണ്. ഏപ്രിൽ എട്ടുമുതൽ കെ-സ്മാർട്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
മേയിൽ ആദ്യ സന്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറും. മാലിന്യസംസ്കരണത്തിൽ ഗുരുവായൂർ മോഡൽ ബ്രഹ്മപുരത്തുൾപ്പെടെ പരീക്ഷിച്ചുവിജയിച്ചു. മാലിന്യ സംസ്കരണത്തിന്റെ മാറ്റം തിരിച്ചറിയാൻ ഗുരുവായൂർ ചൂൽപ്പുറത്തെ ബയോ പാർക്ക് സന്ദർശിക്കണം. ശവക്കോട്ടയെന്ന് അറിയപ്പെട്ട സ്ഥലം പൂങ്കാവനമാക്കാൻ ഗുരുവായൂർ നഗരസഭയ്ക്കു കഴിഞ്ഞു.
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മേയ് 31നു മാറും. ഇവർക്കു ഭൂമി ലഭ്യമാക്കി വീടു നൽകുന്ന പ്രവൃത്തി നടക്കുന്നു. മിച്ചഭൂമിയും റവന്യൂ ഭൂമിയും ഇവർക്കായി നൽകും. ലൈഫ് പദ്ധതിയിൽ മുൻഗണന നൽകും. 77.61 ശതമാനം ആളുകളെ അതിദാരിദ്യ്രത്തിൽനിന്നു മോചിപ്പിച്ചു.18,000 പേർ ഇനി അവശേഷിക്കുന്നു. ഇവരെ പുനരധിവസിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് സെഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് കൈപ്പുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ദേവസ്വം ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഓണ്ലൈനായി പങ്കെടുത്തു.
ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ, തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, കേരള ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ സെക്രട്ടറി എം.ഒ. ജോണ് തുടങ്ങിയവർ പങ്കെടുത്തു.
അക്കാദമിക് സെഷനിൽ ഇന്നു മാലിന്യമുക്തം നവകേരളം തുടർകർമപരിപാടി, അതിദാരിദ്ര്യ നിർമാർജനം, സുസ്ഥിരനേട്ടം ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.