കന്പമലയിലെ കാട്ടുതീ മനുഷ്യനിർമിതം: ഡിഎഫ്ഒ മാർട്ടിൻ ലോവൽ
Wednesday, February 19, 2025 1:21 AM IST
കൽപ്പറ്റ: മാനന്തവാടി പിലാക്കാവ് കന്പമലയിൽ രണ്ടു ദിവസങ്ങളായുണ്ടായ കാട്ടുതീ മനുഷ്യനിർമിതമെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവൽ. ജനവാസ മേഖലയിൽനിന്നു കിലോമീറ്ററുകൾക്കുള്ളിലാണ് കാട്ടുതീയുടെ ഉദ്ഭവം.
കാട്ടുതീയുണ്ടാകുന്നതു രണ്ടു വിധത്തിലാണ്. ഒന്ന് സ്വാഭാവികവും മറ്റൊന്ന് മനുഷ്യ നിർമിതവും. സ്വാഭാവികമായുണ്ടാകുന്ന കാട്ടുതീയല്ല രണ്ടു ദിവസങ്ങളിലായി കന്പമലയിലുണ്ടായത്.
തീർത്തും മനുഷ്യനിർമിതമാണ്. വേനൽ ആരംഭിച്ചതോടെ പുൽമേടുകളും അടിക്കാടുകളും ഉണങ്ങിനിൽക്കുന്നതു മനസിലാക്കി സാമൂഹികവിരുദ്ധർ സൃഷ്ടിച്ചതാണ് കന്പമലയെ ഹെക്ടർ കണക്കിനു നശിപ്പിച്ച കാട്ടുതീ. പുൽമേടുകളിൽ സ്വാഭാവികമായി കാട്ടുതീ ഉണ്ടാകാൻ സമയമായിട്ടില്ല. വേനൽ ആരംഭിച്ചതേയുള്ളുവെന്നും ഡിഎഫ്ഒ പറഞ്ഞു.
കാട്ടുതീ പടർന്നതോടെ വന്യമൃഗങ്ങൾ നാട്ടിൽ വ്യാപകമായി ഇറങ്ങുമെന്ന ആശങ്കയിലാണു പ്രദേശവാസികൾ. വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനായി മനഃപൂർവം സൃഷ്ടിച്ചതാണോയെന്നു സംശയിക്കണം. വന്യമൃഗങ്ങൾ കാടിറങ്ങിയാൽ വനംവകുപ്പിനെതിരേയും സർക്കാരിനെതിരേയും സ്വാഭാവികമായി ജനരോഷം ഉയരാൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് ബോധപൂർവം വനം കത്തിക്കാൻ തീയിട്ടതാകാമെന്നും ഡിഎഫ്ഒ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഉൾക്കാട്ടിലാണു തീ പടർന്നത്. തീപിടിച്ചതറിഞ്ഞ് കാൽനടയായി സ്ഥലത്ത് എത്തുന്പോഴേക്കും ഹെക്ടർ കണക്കിനു വനം കത്തിനശിച്ചിട്ടുണ്ടാകും. ഉൾവനം ആയതിനാൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും അഗ്നിരക്ഷാസേനയ്ക്കും സ്ഥലത്ത് എത്തിച്ചേരാനും തീയണയ്ക്കാനും വളരെ പ്രയാസമാണ്. ആധുനിക ഉപകരണങ്ങളോ വാഹനങ്ങളോ ഇവിടേക്കു കൊണ്ടുപോകാൻ സാധ്യമല്ലാത്തതിനാൽ കൊടും ചൂടിൽ ജീവൻ പണയംവച്ചാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. വനം കത്തുന്പോൾ നിരവധിവന്യജീവികളും ഉരഗങ്ങളും ചെറുജീവികളും എരിഞ്ഞടങ്ങും. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ഇതു കോട്ടംചെയ്യും.
കാറ്റും ചൂടും കാരണം കാട്ടുതീ വേഗത്തിൽ പടർന്നതോടെ സമീപത്തെ ജനങ്ങളും ഭീതിയിലാണ്. ജനവാസമേഖലയിലേക്കു തീ പടരാതിരിക്കാൻ വനംവകുപ്പ് ജാഗ്രതപുലർത്തുണ്ട്. വനത്തിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.