ബാങ്ക് കവർച്ച: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Wednesday, February 19, 2025 1:21 AM IST
തൃശൂർ: പോട്ട ബാങ്ക് കവർച്ചക്കേസിലെ പ്രതി റിജോ ആന്റണിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടതെങ്കിലും രണ്ടുദിവസത്തെ കസ്റ്റഡിയാണു ചാലക്കുടി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്.
വിയ്യൂരിലെ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന റിജോയെ ഇന്നലെ രാവിലെ പത്തോടെയാണു കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ചയാണു പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.
പ്രതി ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നാണു പോലീസിന്റെ നിഗമനമെങ്കിലും പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം റിജോയ്ക്കു ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇതു വ്യക്തമാകണമെങ്കിൽ പ്രതി കവർച്ചയ്ക്കുശേഷം രക്ഷപ്പെട്ട വഴികളിലൂടെ കൂടുതൽ തെളിവെടുപ്പ് ആവശ്യമാണെന്നാണു പോലീസിന്റെ നിലപാട്.
പ്രതിയുടെ കടബാധ്യത സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു.കവർച്ച, ഭവനഭേദനം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണു പ്രതിക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രതിക്കു പരമാവധി 13 വർഷം തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നു നിയമവിദഗ്ധർ പറയുന്നു.