നെടുമ്പാശേരിയിൽ വരുന്നു റെയിൽവേ സ്റ്റേഷൻ
Wednesday, February 19, 2025 1:21 AM IST
നെടുമ്പാശേരി: ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ഇതിനായുളള നടപടികൾ റെയിൽവേ ആരംഭിച്ചു. 2010ൽ അന്നത്തെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദാണ് റെയിൽവേ സ്റ്റേഷനു തറക്കല്ലിട്ടത്. നിരവധി തടസങ്ങൾ ഉയർന്ന സാഹചര്യത്തിലാണു തുടർനടപടികൾ നിലച്ചത്.
കേന്ദ്ര റെയിൽവേ സഹമന്ത്രി ജോർജ് കുര്യന്റെ നിർദേശമനുസരിച്ച് റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകി.
19 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ള അടങ്കൽ തുക. ഒരു വർഷത്തിനകം റെയിൽവേ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ വിഷയം ബെന്നി ബെഹനാൻ എംപി ലോക്സഭയിൽ ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ നിർദേശമനുസരിച്ച് കൊച്ചി - ഷൊർണൂർ റെയിൽവേ ട്രാക്കിന്റെ കിഴക്കുവശം, ആവണംകോട് - നെടുവന്നൂർ റോഡിന്റെ പടിഞ്ഞാറുവശം, വിമാനത്താവളത്തിലേക്കുള്ള വിഐപി റോഡിലെ മേൽപ്പാലത്തിന് തെക്കുവശവുമാണ് റെയിൽവേ സ്റ്റേഷന്റെ സ്ഥാനം. അങ്കമാലി, ചൊവ്വര റെയിൽവേ സ്റ്റേഷനുകളുടെ മധ്യഭാഗത്തായിരിക്കും നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ.
പുതിയ റെയിൽവേ സ്റ്റേഷനിൽനിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള ദൂരം ഒന്നര കിലോമീറ്റർ മാത്രമാണ്. ഇവിടെ സിയാൽ സൗജന്യമായി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് കല്ലിടൽ ചടങ്ങിൽ ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിരുന്നു. 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ കഴിയുന്ന രണ്ട് പ്ലാറ്റ് ഫോമുകൾ നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് ഉണ്ടായിരിക്കും.