ഉദ്യോഗസ്ഥരുടെ അഴിമതി രജിസ്ട്രേഷൻ വകുപ്പിനു കളങ്കം: മന്ത്രി കടന്നപ്പള്ളി
Wednesday, February 19, 2025 1:21 AM IST
തൃശൂർ: ഉദ്യോഗസ്ഥരുടെ അഴിമതി രജിസ്ട്രേഷൻ വകുപ്പിനു കളങ്കം ചാർത്തുന്നതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ തൃശൂർ ജില്ലാതല അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജോലികൾ സത്യസന്ധമായി നിർവഹിക്കണം. വകുപ്പിന്റെ ന്യൂനതകൾ പരിഹരിച്ചു മുന്നോട്ടുപോകണം. ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാതൃകാപരമായിരിക്കണം. ജനങ്ങളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെടുന്ന വകുപ്പായതിനാൽ കാര്യക്ഷമത കൂടിയേ തീരൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിടിയിലായവരിൽ പകുതിയോളം പേർ രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കൈക്കൂലി കേസിൽ അറസ്റ്റിലായത് റവന്യൂ, രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള 21 പേരാണ്. (ഇതുസംബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ 21 റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പിടിയിലായി എന്നതിൽ തെറ്റു സംഭവിച്ചിരുന്നു.
ഇവരിൽ പകുതിയോളവും രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരാണ്. കൈക്കൂലിപ്പണം പങ്കുവയ്ക്കുന്നതിനിടെ തൃശൂരിൽ വിജിലൻസിന്റെ പിടിയിലായതു രജിസ്ട്രേഷൻ വകുപ്പ് ഡിഐജിയടക്കം ആറുപേരാണ്. ഇവരെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.)