ജസ്റ്റീസ് രാമചന്ദ്രന്നായര്ക്കെതിരേ കേസെടുത്തതില്‍ കോടതി വിമർശനം
Wednesday, February 19, 2025 1:21 AM IST
കൊച്ചി: പാതിവില സ്കൂട്ടര്‍ തട്ടിപ്പുകേസില്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്നായര്ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു ശരിയായ പരിശോധന നടത്തിയിട്ടാണോയെന്നു ഹൈക്കോടതി.
ഭരണഘടനാ ചുമതല വഹിച്ചിരുന്നയാള്ക്കെതിരേ ഇത്തരത്തില്‍ കേസെടുക്കുന്നത് പൊതുജനത്തിന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാക്കാന്‍ ഇടയാക്കുമെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തതിനെതിരേ അഭിഭാഷകന് സൈജോ ഹസന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജിയാണു കോടതി പരിഗണിച്ചത്.
ശരിയായ പരിശോധന നടത്താതെ പോലീസ് കേസെടുത്തത് അസ്വസ്ഥതയുണ്ടാക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. നടപടിയെ ചെറുതായി കാണാനാകില്ല. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയാണു നടക്കുന്നത്. ഇതു വ്യക്തിയെയല്ല, നീതിന്യായ സംവിധാനത്തെയാണു ബാധിക്കുക. ചികിത്സാപ്പിഴവിന്റെയും മറ്റും പേരില്‍ ക്രിമിനല്‍ കേസിൽ ഉള്‍പ്പെടുത്തുന്നതില്‍നിന്ന് ഡോക്ടര്‍മാര്‍ക്കു സംരക്ഷണം നല്‍കുന്നുണ്ട്.
എന്നാല്‍, ഭരണഘടനാ ചുമതല വഹിച്ചിരുന്നവരുടെ കാര്യത്തില്‍ ഇത്തരത്തിലൊരു മാര്രേഖയില്ലെന്നും കോടതി പറഞ്ഞു.
മലപ്പുറം സ്വദേശി ഡാനിമോന്‍ നല്കിയ പരാതിയിലാണ് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.
ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഇതിനുവേണ്ടി ഹര്‍ജി നല്‍കേണ്ടതില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി വീണ്ടും പരിഗണിക്കും.