വയനാട് ടൗണ്‍ഷിപ്പ് മാർച്ചിൽ തറക്കല്ലിടും
Tuesday, February 18, 2025 2:37 AM IST
തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ദുരന്തത്തിൽ സകലതും നഷ്ടമായവരുടെ പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗണ്‍ഷിപ്പിനു ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ. മാർച്ചിൽ ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ തീരുമാനിച്ചു.
എൽസ്റ്റോണ്‍, നെടുന്പാല എസ്റ്റേറ്റുകളിലായി ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഈ മാസംതന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കാൻ യോഗത്തിൽ തീരുമാനമായി. ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ തയാറാക്കി മാർച്ചിൽ ടൗണ്‍ഷിപ്പിനു തറക്കല്ലിടാനാണ് ധാരണ.
പുനരധിവാസത്തിന് തയാറാക്കുന്ന ടൗണ്ഷിപ്പിനോടു ചേർന്ന അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രം 529.50 കോടി രൂപ 50 വർഷത്തേക്ക് പലിശരഹിത വായ്പയായിട്ടാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ സാന്പത്തിക സഹായം തേടിയപ്പോൾ പുനരധിവാസത്തിനായി പലിശരഹിത വായ്പയാണ് കേന്ദ്രം അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യു മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കു പുറമേ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് മെംബർ സെക്രട്ടറി, പുനർനിർമാണ പദ്ധതികളുടെ നിർവഹണച്ചുമതലയുള്ള വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.
കേന്ദ്രം നിർദേശിച്ച തീയതിക്കുള്ളിൽ ഓരോ പ്രവൃത്തിക്കുമുള്ള തുക ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുകയും തുടർന്ന് പ്രവൃത്തികൾ നടത്തുന്ന ഏജൻസികൾക്ക് ഡിപ്പോസിറ്റ് വർക്ക് ആയി തുക നൽകുകയുമാണ് ചെയ്യുക.
16 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറായതിനാൽ നിർമാണം തുടങ്ങാൻ കാലതാമസമില്ലെന്നാണ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചത്.
ഫണ്ട് ചെലവഴിക്കാൻ കേന്ദ്രത്തോട് കൂടുതൽ സാവകാശം തേടുന്ന കാര്യവും ഇന്നലത്തെ യോഗത്തിൽ ചർച്ച ചെയ്തു. ഫണ്ട് ചെലവഴിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രമേയുള്ളൂ എന്നതു കണക്കിലെടുത്ത് അടിയന്തരപ്രാധാന്യത്തോടെ പദ്ധതി തയാറാക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മാർച്ച് 31നു മുന്‍പ് പൂർത്തിയാക്കാൻ കഴിയുന്ന നിർമാണപ്രവൃത്തികളുടെ രൂപരേഖ തയാറാക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
ബാക്കി വരുന്ന നിർമാണജോലികൾ പൂർത്തിയാക്കാൻ എത്രമാസം വേണമെന്ന് പ്രത്യേകം റിപ്പോർട്ട് തയാറാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. ഈ റിപ്പോർട്ട് സമർപ്പിച്ച് വായ്പത്തുക വിനിയോഗത്തിൽ കേന്ദ്രത്തോട് സാവകാശം തേടാനാണ് സർക്കാരിന്റെ തീരുമാനം.