ജാതീയ അധിക്ഷേപം; ഐഒബിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ കേസ്
Tuesday, February 18, 2025 2:24 AM IST
കൊച്ചി: കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധു തൊഴിലിടത്തെ മാനസിക പീഡനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തിന്റെ മുറിവുണങ്ങും മുമ്പേ, പൊതുമേഖലാ ബാങ്കില്‍നിന്ന് ജീവനക്കാരനു നേരേ ജാതീയ അധിക്ഷേപവും മര്ദനവുമുണ്ടായെന്നു പരാതി.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം റീജണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരെ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയില്‍ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുത്തു.
എറണാകുളം റീജണല്‍ ഓഫീസ് ഡിജിഎം നിതീഷ്കുമാര്‍ സിന്‍ഹ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കാഷ്മീര്‍ സിംഗ് എന്നിവര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് അസിസ്റ്റന്റ് മാനേജരായ മുളവുകാട് സ്വദേശി പരാതി നല്‍കിയത്. ദളിത് വിഭാഗക്കാരനായ തന്നെ വര്‍ഷങ്ങളായി അധിക്ഷേപിക്കുകയാണെന്നാണ് പരാതിയിലുള്ളത്.
2013ല്‍ ജോലിയില്‍ പ്രവേശിച്ച പരാതിക്കാരന് മൂന്നു വര്‍ഷം മുമ്പാണ് തമിഴ്നാട്ടിലെ ഹെഡ് ഓഫീസില്‍നിന്ന് എറണാകുളം റീജണല്‍ ഓഫീസിലേക്ക് എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പീഡനം ആരംഭിച്ചെന്നാണു പരാതി.
എജിഎം കാഷ്മീര്‍ സിംഗ് ഓഫീസിലെ വനിതാ ജീവനക്കാർക്കു നല്‍കാനായി ചായയും പലഹാരങ്ങളും വാങ്ങിപ്പിച്ചു, ചെടി നനപ്പിക്കുകയും കീടനാശിനി തളിപ്പിക്കുകയും ചെയ്തു, അമേരിക്കയിലുള്ള മകള്‍ നാട്ടിലെത്തിയപ്പോള്‍ ഷോപ്പിംഗിനായി കൂടെ അയച്ചു തുടങ്ങിയ ആരോപണങ്ങളാണു പരാതിക്കാരൻ ഉന്നയിച്ചത്. ഒരിക്കല്‍ മരുന്നു വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞത് വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൈകൊണ്ട് മുതുകില്‍ അടിച്ചു.
ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഡിജിഎം നിതീഷ്കുമാര്‍ സിന്‍ഹയും കാഷ്മീര്‍ സിംഗും ചേർന്ന് കാബിനിലേക്കു വിളിപ്പിച്ചശേഷം ജീവിതം നശിപ്പിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തി.
പീഡനം സഹിക്കാതെ വന്നപ്പോള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മുളവുകാട് പോലീസിൽ പരാതി നല്കി. സ്ഥലം മാറ്റുമെന്ന ഭീഷണിയുണ്ടെന്നും ഭാവിയില്‍ പ്രശ്നമുണ്ടെങ്കില്‍ കേസുമായി മുന്നോട്ടുപോകാൻ തയാറാണെന്ന് അന്നു സ്റ്റേഷനില്‍ അറിയിച്ചിരുന്നതായും പരാതിക്കാരന്റെ ഭാര്യ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ പരാതിക്കാരനെ സസ്പെന്‍ഡ് ചെയ്തെ ങ്കിലും പോലീസ് കേസെടുത്തതിനു പിന്നാലെ ജനുവരിയില്‍ തിരിച്ചെടുത്തു. നവംബറില്‍ ബാങ്കിന്റെ മറ്റു ബ്രാഞ്ചുകളിലെ രണ്ടു ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതിക്കാരനെ മേലുദ്യോഗസ്ഥര്‍ ബലിയാടാക്കി.
തുടര്‍ന്ന് ആഭ്യന്തര അന്വേഷണത്തിലൂടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനും അഹമ്മദാബാദിലേക്കു സ്ഥലം മാറ്റാനും തീരുമാനിച്ചതോടെയാണ് ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയർന്നതും വിവരം പുറത്തുവന്നതും. ഇതേത്തുടർന്ന് നിതീഷ്കുമാര്‍ മുറിയിലേക്കു വിളിപ്പിച്ച് ജാതിപ്പേര് വിളിക്കുകയും ഉത്തരേന്ത്യയിലേക്കു സ്ഥലം മാറ്റുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെയാണ് അസി. മാനേജര്‍ വീണ്ടും പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പോലീസിനെ സമീപിച്ചത്. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റത്തിനും ഇന്‍ക്രിമെന്റ് റദ്ദാക്കിയതിനുമെതിരേ കോടതിയെയും സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം.
പിന്നില്‍ വ്യക്തിപരമായ അജൻഡ: ഐഒബി
മാനേജരുടെ ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തിപരമായ അജൻഡയുണ്ടെന്നാണ് ഐഒബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
വിഷയം സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷയം അന്വേഷണ പരിധിയില്‍ ഉള്ളതാണെന്നുമാണ് ബാങ്കിന്റെ വിശദീകരണം. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥാപനത്തിനുള്ളില്‍ സംവിധാനമുണ്ട്. എന്നാല്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. ബാങ്ക് യൂണിയനുകളോ സംഘടനകളോ പരാതി നല്‍കിയിട്ടില്ല. ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത് പ്രത്യേക താത്പര്യമുള്ളവരാണെന്നും ബാങ്ക് പ്രതികരിച്ചു.