സ്പെഷല്‍ സ്കൂളുകളോട് അവഗണന: നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
Tuesday, February 18, 2025 2:24 AM IST
കോട്ടയം: മാനസിക ന്യൂനതയുള്ളവരെ സംരക്ഷിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉപരോധവും നടത്തും.
അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ്, പേരന്റ്സ് അസോസിയേഷന് ഓഫ് ഇന്റലക്ച്വലി ഡിസേബിള്‍ഡ്, സ്പെഷല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന്, അസോസിയേഷന് ഫോര്‍ ദ വെല്‍ഫയര്‍ ഓപ് സ്പെഷല്‍ സ്കൂള്‍ സ്റ്റാഫ്, സ്പെഷല്‍ ഒളിംപിക്സ് ഭാരത് കേരള, മാനേജ്മെന്റ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ഉപരോധവും.
18 വയസിനു മുകളില്‍ പ്രായമുള്ള മാനസിക ന്യുനതയുള്ളവര്ക്ക് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കിയ സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
കേന്ദ്ര സര്‍ക്കാര്‍ ഡിഡിആര്‍എസ് ഗ്രാന്റ് നല്കുന്ന സ്പെഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രായപരിധി 23 വയസായിരിക്കെ കേരള സര്‍ക്കാര്‍ അംഗീകാരം നല്കിയ സ്പെഷല്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികളുടെ പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിരിക്കുന്നു. ഇത് 23 വയസായി പുനര്‍നിശ്ചയിക്കണം.
2018നുശേഷമുള്ള അപേക്ഷകള്‍ കൂടി പരിഗണിച്ച് ആശ്വാസകിരണം കുടിശികയില്ലാതെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നല്‍കണം. നിരാമയ ഇന്‍ഷ്വറന്‍സ് പ്രീമിയം മുമ്പ് കേരള സര്‍ക്കാര്‍ അടച്ചിരുന്നത് നിര്‍ത്തലാക്കിയ നടപടി പിന്‍വലിച്ച് പ്രീമിയം കേരള സര്‍ക്കാര്‍ അടയ്ക്കണം.
ഭിന്നശേഷിക്കാര്‍ക്ക് മറ്റ് വിഭാഗങ്ങളെക്കാള്‍ 25 ശതമാനം അധികം പെന്ഷന് അഥവാ 2000 രൂപയായി വര്‍ധിപ്പിക്കുക, ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും യുഡിഐഡി കാര്‍ഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം.