നടന് ജയന് ചേര്‍ത്തലയ്ക്കെതിരേ മാനനഷ്ടക്കേസ് നല്കി നിര്‍മാതാക്കളുടെ സംഘടന
Tuesday, February 18, 2025 2:24 AM IST
കൊച്ചി: താരസംഘടനയായ "അമ്മ’യുടെ ഭാരവാഹിയും നടനുമായ ജയന് ചേര്‍ത്തലയ്ക്കെതിരേ നിര്‍മാതാക്കളുടെ സംഘടന മാനനഷ്ടക്കേസ് നല്കി. നടന് നിരുപാധികം മാപ്പ് പറയണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നിര്‍മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താരസംഘടനയായ "അമ്മ'യില്‍നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടനെതിരേ വക്കീല്‍ നോട്ടീസുമയച്ചു.
കഴിഞ്ഞ 14 ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരേയും ജയന് ചേര്‍ത്തല പത്രസമ്മേളനം നടത്തിയിരുന്നു. വിവിധ ഷോകളിലൂടെ "അമ്മ’ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു നല്‍കിയെന്നും നിര്‍മാതാക്കളുടെ സംഘടനയെ പലകാലത്തും സഹായിച്ച "അമ്മ'യിലെ അംഗങ്ങള്‍ക്കെതിരേ നിര്‍മാതാക്കള്‍ അമിത പ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും ജയന് ചേര്‍ത്തല വ്യക്തമാക്കിയിരുന്നു.
എന്നാല്‍ "അമ്മ'യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അതില്‍ വരുമാനം പങ്കിടാന്‍ കരാറുണ്ടായിരുന്നെന്നും "അമ്മ'യുടെ സഹായമല്ല അതെന്നുമാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ഇത്തരമൊരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം പണം മുടക്കി ടിക്കറ്റെടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്റെ പ്രസ്താവനയും തെറ്റാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.