വയനാട് ടൗണ്‍ഷിപ്പ്: വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സർക്കാർ
Sunday, January 5, 2025 2:28 AM IST
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന വീടുകളുടെ നിർമാണച്ചെലവ് കുറയ്ക്കാനാകില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, നിശ്ചയിച്ച തുകയ്ക്ക് ആനുപാതികമായി വീടുകളുടെ എണ്ണത്തിൽ കുറവു വരുത്താൻ നിർദേശിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ താമസസ്ഥലം നഷ്ടമായവർക്ക് ടൗണ്‍ഷിപ്പ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 100ൽ താഴെ വീടുകൾ സ്പോണ്സർ ചെയ്തവരുടെ രണ്ടാംഘട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഉക്കാര്യം അറിയിച്ചത്.
30 ലക്ഷം രൂപയാണ് 1000 ചതുരശ്ര അടിയുള്ള ഒരു വീടിന്റെ നിർമാണത്തിന് ചെലവായി കണക്കാക്കിയിട്ടുള്ളതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, മൊത്തത്തിൽ നിർമാണം നടക്കുന്പോഴുള്ള തുകയിൽ ആനുപാതികമായ കുറവു മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നു പറഞ്ഞു.
വീടുകളുടെ നിർമാണച്ചെലവിൽ സംസ്ഥാനത്തെന്പാടും നിലവിലുള്ള രീതിയിൽ ആനുപാതിക കുറവു വരുത്തണമെന്ന സ്പോണ്‍സർമാരുടെ ആവശ്യം അംഗീകരിച്ചില്ല. 25 വീടുകൾ നിർമിക്കാൻ തയാറാണെന്നും ഇതിന്റെ ടൗണ്‍ഷിപ്പിന് ആവശ്യമായ ഭൂമി നൽകിയാൽ സ്വന്തം ചെലവിൽ നിർമിക്കാൻ തയാറാണെന്നുമുള്ള സ്പോണ്‍സർമാരുടെ നിർദേശവും തള്ളി. ടൗണ്‍ഷിപ്പിലെ എല്ലാ വീടുകളും ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി നിർമിച്ചു നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു വീടിന് 12 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിട്ടുള്ളതെന്നു പറഞ്ഞ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ ഭാരവാഹികളോട് നിർമിക്കുന്ന വീടുകളുടെ എണ്ണം തുകയ്ക്ക് ആനുപാതികമായി കുറയ്ക്കാനും നിർദേശിച്ചു.
ഹൗസിംഗ് ബോർഡിനെക്കൊണ്ട് 10 വീടുകൾ നിർമിപ്പിച്ചു നൽകാമെന്നും 1.5 കോടി രൂപയാണ് ചെലവായി കണക്കാക്കിയിട്ടുള്ളതെന്നും എഐവൈഎഫ് ഭാരവാഹികൾ യോഗത്തെ അറിയിച്ചപ്പോൾ, നിർമാണത്തിനായി മറ്റാരെയും അനുവദിക്കില്ലെന്നും ഊരാളുങ്കലാണ് എല്ലാ നിർമാണപ്രവൃത്തിയും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് ഭവനപദ്ധതിക്കായി സർക്കാർ നൽകുന്ന തുച്ഛമായ തുകയും യോഗത്തിൽ പരാമർശ വിഷയമായി. എന്നാൽ, മുകളിലേക്ക് ഉൾപ്പെടെ നിർമിക്കാൻ കഴിയും വിധമാണ് അടിസ്ഥാനം നിർമിക്കുന്നതെന്നും അടിസ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്താൽ ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ചെലവ് കുറയ്ക്കാനാകുമെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർദേശിച്ചു.