ചുരത്തിൽ മന്ത്രിയുടെ വാഹനത്തിനു തടസം സൃഷ്ടിച്ചെന്ന്; കാർ യാത്രികനെതിരേ കേസ്
Sunday, January 5, 2025 2:01 AM IST
കേളകം: മന്ത്രി ഒ.ആർ. കേളുവിന്റെ ഔദ്യോഗിക വാഹനത്തിന് തടസം സൃഷ്ടിച്ചെന്നു കാണിച്ച് കാർ യാത്രികർക്കെതിരേ പോലീസ് കേസെടുത്തതിൽ പ്രതിഷേധം ശക്തം. കണ്ണൂർ ജില്ലക്കാരനും വയനാട്ടിലെ താലൂക്ക് സർവേയരുമായ പ്രീത്, മകൻ അഫിൽ എന്നിവർക്കെതിരേയാണ് കേളകം പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെ കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലൂടെ കടന്നുപോയ മന്ത്രിയുടെ വാഹനത്തിന് ചുരത്തിൽ സൈഡ് കൊടുത്തില്ലെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
അഫിൽ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പോലീസ് പൈലറ്റ് ജീപ്പും മന്ത്രിയുടെ വാഹനവും പലതവണ കാറിനെ മറികടക്കാൻ ഹോൺ മുഴക്കി ശ്രമിച്ചിട്ടും കടന്നു പോകാൻ അനുവദിച്ചില്ലെന്നും പോലീസ് പറയുന്നു.
പിന്നീട് പോലീസ് വാഹനം കടന്നുപോയെങ്കിലും മന്ത്രിക്കു കടന്നുപോകാൻ കഴിഞ്ഞില്ലെന്നും പറയുന്നു. മന്ത്രിയുടെ വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കാത്തത് സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, അപകടസാധ്യയുള്ളതും വീതി കുറഞ്ഞതുമായ റോഡിൽ മന്ത്രിയുടെ വാഹനം ഇത്തരത്തിൽ തിരക്കു കൂട്ടരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ചുരത്തിന്റെ പലയിടങ്ങളിലും ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതി മാത്രമാണുള്ളതെന്നിരിക്കെ പോലീസ് കള്ളക്കേസ് ചുമത്തുകയാണെന്നും ആരോപണം ഉയരുന്നു.
കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പാൽചുരം എന്നിരിക്കെ 2018-19 വർഷങ്ങളിലുണ്ടായ പ്രളയത്തിലും കഴിഞ്ഞവർഷത്തെ മണ്ണിടിച്ചിലിലും ചുരം വ്യാപകമായി തകർന്ന അവസ്ഥയിലാണ്.