റെയിൽവേ അന്തിമ റിസർവേഷൻ ചാർട്ട് ഇനി 15 മിനിറ്റ് മുന്പ്
സ്വന്തം ലേഖകൻ
Monday, January 6, 2025 4:47 AM IST
കണ്ണൂർ: അന്തിമ റിസർവേഷൻ ചാർട്ട് സമയം റെയിൽവേ പരിഷ്കരിച്ചു. മുന്പ് ട്രെയിൻ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുന്പായിരുന്നു അന്തിമ ചാർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ഇനി അത് 15 മിനിറ്റ് മുന്പാക്കിയാണു റെയിൽവേയുടെ പരിഷ്കാരം. ഇതു യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ.
ഒരു ട്രെയിന് നിരവധി ചാർട്ടിംഗ് സ്റ്റേഷനുകൾ ഉണ്ട്. 15 മിനിറ്റ് മുന്പ് ചാർട്ട് പുറത്തിറക്കുന്നതോടെ എത്ര സീറ്റ് കാലിയുണ്ടെന്ന് അറിഞ്ഞ് ടിടിടിഇക്കു ലഭ്യത നോക്കി റിസർവേഷൻ ടിക്കറ്റ് നല്കാൻ കഴിയുമെന്നതാണു ഗുണം. മുന്പ് ട്രെയിൽ ചാർട്ടിംഗ് സ്റ്റേഷനുകളിൽ എത്തുന്പോഴായിരുന്നു അന്തിമലിസ്റ്റ് നല്കിയിരുന്നത്.
ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുന്പാണ് ആദ്യ ചാർട്ട് പുറത്തിറക്കുന്നത്. അത് അതേപടി നിലനിർത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ചാർട്ടിംഗ് സ്റ്റേഷനുകൾ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, തൃശൂർ, എറാണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവയാണ്.