മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും
Wednesday, January 8, 2025 1:46 AM IST
തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ പിതാവിനു മരണംവരെ തടവും 15 ലക്ഷം രൂപ പിഴയും. 13കാരിയെ 2019 മുതൽ പിതാവ് നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണു തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് വിധി പറഞ്ഞത്. പിഴത്തുക മകൾക്ക് നൽകണം.
ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച വിധി പറയുന്നതിനായി കോടതിയിൽ ഹാജരാക്കി.
മകൾക്കു സംരക്ഷണം നൽകേണ്ട പിതാവ് തന്നെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസായതിനാൽ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ വാദിച്ചിരുന്നു. ഇതേത്തുടർന്നാണ് വിധിപറയൽ ഇന്നലത്തേക്കു മാറ്റിയത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് അവധിക്കു നാട്ടിലെത്തിയപ്പോഴാണു കേസിനാസ്പദമായ സംഭവം. പിതാവ് ഖത്തറിലേക്ക് മടങ്ങിയതിനു പിന്നാലെ പെൺകുട്ടി തലകറങ്ങിവീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടറുടെ പരിശോധനയിലാണു കുട്ടി ഗർഭിണിയാണെന്നു മനസിലായത്. ആദ്യഘട്ടത്തിൽ ബന്ധുവായ പതിനഞ്ചുകാരന്റെ പേരാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
എന്നാൽ, മൊഴിയിൽ പൊരുത്തക്കേട് തോന്നിയതിനെത്തുടർന്ന് വനിതാ പോലീസും കൗൺസിലർമാരും ചേർന്ന് സംസാരിച്ചപ്പോഴാണ്, പിതാവാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് നാട്ടിലെത്തിച്ച് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് വിധി പറയേണ്ടിയിരുന്നത്.
എന്നാൽ, ജാമ്യത്തിലിറങ്ങി ഇയാൾ മുങ്ങിയതിനെത്തുടർന്ന് വിധി പറയാൻ വൈകുകയായിരുന്നു. വിചാരണവേളയിൽ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നു.