വ്യാപക പ്രതിഷേധം; സ്കൂളുകളെ വിലക്കിയത് പിൻവലിക്കുമെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി
Wednesday, January 8, 2025 2:58 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സംഘാടകരുടെ പിടിപ്പുകേടിനെത്തുടർന്ന് ചാന്പ്യൻപട്ട സ്കൂൾ പ്രഖ്യാപനത്തിലുണ്ടായ അപാകതയെ ചോദ്യംചെയ്ത സ്കൂളുകൾക്ക് അടുത്ത സംസ്ഥാന സ്കൂൾ കായികമേളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും.
സ്കൂൾ കായികരംഗത്ത് സംസ്ഥാനത്തിന് ഏറ്റവുമധികം സംഭാവനകൾ നല്കിയ സ്കൂളുകളിൽ ഒന്നായ കോതമംഗലം മാർ ബേസിൽ, മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളുകളെയായിരുന്നു അടുത്ത സ്കൂൾ കായികമേളയിൽ നിന്നു വിലക്കിയത്.
കേട്ടുകേൾവി പോലുമില്ലാത്ത ഈ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് പല കോണുകളിൽനിന്നും ഉയർന്നത്. മുൻകാല കായികതാരങ്ങൾ ഒന്നടങ്കം സർക്കാരിന്റെ നടപടിക്കെതിരേ രംഗത്തു വന്നു.
സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്ത് നല്കിയിരുന്നു.
പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും സർക്കാർ നിലപാടിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിലക്കിൽനിന്നു പിന്നോട്ടു പോകാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ ചർച്ചകൾ തുടങ്ങിയത്.