ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവം: എ.വി. ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം
Tuesday, January 7, 2025 2:07 AM IST
കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എ.വി. ശ്രീകുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
വിശ്വാസവഞ്ചനയടക്കം കുറ്റങ്ങള്‍ ചുമത്തി കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉപാധികളോടെ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ജാമ്യം അനുവദിച്ചത്.
രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള രണ്ടുപേരുടെ ബോണ്ടിന്റെയും അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നാണ് ഉത്തരവ്.
നിയമവിരുദ്ധ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തൊഴിലിന്റെ ഭാഗമായ പ്രവർത്തനം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ദേശാഭിമാനി കണ്ണൂര്‍ ബ്യുറോ ചീഫ് രഘുനാഥ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് നല്കിയ വിവരങ്ങള്‍ എഡിറ്റോറിയല്‍ ചുമതലയുടെ ഭാഗമായി പരിശോധിച്ച് അനുമതി നല്കുകയാണു താന്‍ ചെയ്തതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.