മോട്ടോർ വാഹന വകുപ്പിലെ ഫയലുകൾ അഞ്ചു ദിവസത്തിനുള്ളിൽ തീർപ്പാക്കാന്‍ നിര്‍ദേശം
Wednesday, January 8, 2025 1:46 AM IST
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ ഓഫീസുകളിൽ ഫയലുകൾ വൈകിപ്പിച്ചാൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. അഞ്ചുദിവസത്തിൽ കൂടുതൽ ഒരു ഫയലും വൈകിപ്പിക്കരുതെന്നാണു നിർദേശം.
ഫയലുകൾ കാലതാമസം വരുത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിലെ വിജിലൻസിന്റെ സ്ക്വാഡിനും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡിനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നല്കി.
ഇവർ ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ പരിശോധിക്കുകയും അപേക്ഷകൾ പിടിച്ചുവച്ചിരിക്കുന്നത് കണ്ടാൽ നടപടിയെടുക്കണമെന്നുമാണു നിർദേശം. വാഹനം വിൽക്കുന്നവർക്ക് ആർടി ഓഫീസിൽനിന്നു നല്കുന്ന ഡീലേഴ്സ് ട്രേഡ് സർട്ടിഫിക്കറ്റ് രണ്ടുദിവസത്തിനുള്ളിൽ നല്‍കണമെന്നും വൈകിപ്പിച്ചാൽ നടപടിയെടുക്കാനും നിർദേശമുണ്ട്.
ഫയലുകൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകഴിഞ്ഞ് ആർടി ഓഫീസുകളിൽ സന്ദർശകരെ വിലക്കിയതും ഫോൺകോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും. എന്നാൽ, ഫോൺകോളുകൾ വിലക്കിയതിനെതിരേ ഉദ്യോഗസ്ഥരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്.