റിപ്പബ്ലിക് ദിന പരേഡ്; എൻഎസ്എസ് സംഘത്തെ നയിക്കാൻ സിസ്റ്റർ നോയൽ റോസ്
Wednesday, January 8, 2025 1:46 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഡൽഹിയിലെ കർത്തവ്യ പഥിൽ 26ന് നടക്കുന്ന വർണാഭമായ റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ ശ്രദ്ധേയയാകുക ഒരു സന്യാസിനിയാകും. പരേഡിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള 12 അംഗ എൻഎസ്എസ് വോളണ്ടിയർമാരെ നയിക്കാനുള്ള ചരിത്രനിയോഗം ഡോ. സിസ്റ്റർ നോയൽ റോസിനാണു ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു സന്യാസിനിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാർ പരേഡിൽ അണിനിരക്കുന്നത്.
തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസറും കർമലീത്ത സന്യാസിനീ സമൂഹാംഗവുമാണ് ഡോ. സിസ്റ്റർ നോയൽ റോസ്. രണ്ടുതവണ എംജി യൂണിവേഴ്സിറ്റിയിൽ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടി സംസ്ഥാന തലത്തിലേക്കു സെലക്ഷൻ നേടിയ സിസ്റ്റർ നോയൽ എൻഎസ്എസ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്ററുമാണ്.
ഡൽഹിയിലെത്തിയ സംഘം ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അവസാനവട്ട പരിശീലനത്തിലാണ്. അവിടുത്തെ കൊടും തണുപ്പ് വകവയ്ക്കാതെ ദേശസ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയവുമായാണ് ഇവർ ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
സംസ്ഥാനത്തുനിന്ന് എംജി, കണ്ണൂർ, കാലിക്കട്ട്, കേരള, കെടിയു തുടങ്ങിയ യൂണിവേഴ്സിറ്റികളിൽനിന്നും ഐഎച്ച്ആർഡിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാരാണു പരേഡിൽ പങ്കെടുക്കുന്നത്. പരേഡിനുശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളിൽ നടക്കുന്ന വിരുന്നുസത്കാരത്തിലും അതിഥികളായി ഇവർ പങ്കെടുക്കും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി ഇരുനൂറോളം വോളണ്ടിയർമാരാണു നാഷണൽ സർവീസ് സ്കീമിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.