കാക്കയങ്ങാട് കമ്പിയിൽ കുരുങ്ങിക്കിടന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി
Tuesday, January 7, 2025 2:07 AM IST
ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിൽ കമ്പിയിൽ കുരുങ്ങിക്കിടന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടി. പിടികൂടിയ പുലിയെ നിരീക്ഷണത്തിനായി ആറളം ഫാം ആർആർടി ആസ്ഥാനത്തേക്കു മാറ്റി.
ഇന്നലെ രാവിലെ ആറിന് കാക്കയങ്ങാട് പാലപ്പുഴ റോഡിൽ മരമില്ലിനു സമീപത്തെ പ്രകാശൻ എന്നയാളുടെ കൃഷിയിടത്തിലാണു കമ്പിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ പുലിയെ ആദ്യം കണ്ടത്.
ടാപ്പിംഗ് തൊഴിലാളിയായ പ്രകാശൻ ടാപ്പിംഗ് കഴിഞ്ഞുവന്ന് പച്ചക്കറികൾക്ക് വെള്ളം നനയ്ക്കാൻ എത്തിയപ്പോൾ കൂടെവന്ന വളർത്തുനായ പതിവിന് വിപരീതമായി കുരച്ചപ്പോഴാണ് കുരുങ്ങിക്കിടക്കുന്ന വന്യജീവിയെ കണ്ടത്. ഉടൻ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
കാക്കയങ്ങാട് ടൗണിൽനിന്ന് ഏകദേശം അര കിലോമീറ്റർ അകലെയുള്ള മെയിൻ റോഡിൽനിന്ന് 100 മീറ്റർ മാറിയുള്ള പറമ്പിലാണ് പുലി കുടുങ്ങിയത്. സമീപത്ത് എവിടെനിന്നോ ശരീരത്തിൽ കന്പി കുരുങ്ങിയ പുലി പ്രകാശന്റെ പുരയിടത്തിലെത്തിയപ്പോൾ മരക്കുറ്റിയിൽ കമ്പി കുടുങ്ങി രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു. പുലി രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും മരക്കുറ്റിയിലെ കുരുക്ക് മുറുകിയതോടെ എഴുന്നേൽക്കാൻ കഴിയാതെ വന്നു.
വയനാട്ടിൽനിന്ന് ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്തിലുള്ള പ്രത്യേകസംഘം എത്തിയാണ് പുലിയെ മയക്കുവെടിവച്ചത്. ആരോഗ്യവാനായ പുലിക്ക് വെടിയേറ്റങ്കിലും രണ്ടാമതും മയക്കുവെടിവച്ചശേഷമാണ് കൂട്ടിലാക്കിയത്.
കൂട്ടിലാക്കിയ പുലിയെ മൂടിക്കെട്ടിയ ആർആർടി വാഹനത്തിലാണ് വെളിയിലെത്തിച്ചത്. തുടർന്ന് പുലിയെ എവിടേക്കാണ് മാറ്റുന്നത് എന്നറിയിക്കണമാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഡിഎഫ്ഒ പി. വൈശാഖിനെ ഉപരോധിച്ചു.
ഡിഎഫ്ഒ മറുപടി പറയാതെ വന്നതോടെ അല്പസമയം സംഘർഷസാധ്യത ഉടലെടുത്തു. പോലീസും വനപാലകരും ചേർന്ന് പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് ഡിഎഫ്ഒയുടെ വാഹനം കടന്നുപോയത്.