നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിനും അധ്യാപകനും സസ്പെൻഷൻ
Wednesday, January 8, 2025 1:46 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ കോളജിലെ നഴ്സിംഗ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എ. സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അന്നത്തെ പ്രിൻസിപ്പൽ അബ്ദുൾ സലാം, അധ്യാപകൻ സജി എന്നിവരെ സസ്പെൻഡ് ചെയ്തു.
സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പി. ഹരികൃഷ്ണനാണ് നടപടിയെടുത്തത്.
അമ്മുവിന്റെ മരണത്തിനു മുന്പ് രക്ഷിതാക്കൾ കോളജിനു നൽകിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കുന്നതിൽ പ്രിൻസിപ്പലിനും അധ്യാപകനും വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്നു പ്രിൻസിപ്പൽ അബ്ദുൾ സലാമിനെ സീതത്തോട്ടിലേക്കു സ്ഥലംമാറ്റിയിരുന്നെങ്കിലും സംഭവത്തിൽ രണ്ടാമതൊരു അന്വേഷണം ആരോഗ്യ സർവകലാശാല നടത്തിയതോടെയാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതെന്ന് പറയുന്നു. കോളജിലെ ഒരു അധ്യാപകനെതിരേ അമ്മുവിന്റെ കുടുംബം നേരിട്ടു പരാതി നൽകുകയും ചെയ്തു.
ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് കഴിഞ്ഞ നവംബർ 15നാണ് സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.