വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്
Tuesday, January 7, 2025 2:07 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണു പുറത്തു വന്നത്. നാലു മരണക്കുറിപ്പുകളാണ് എൻ.എം. വിജയൻ തയാറാക്കിയത്.
കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാന്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണു കത്തുകൾ. കോണ്ഗ്രസ് നേതാക്കളുടെ പേരുകൾ കെപിസിസി അധ്യക്ഷനെഴുതിയ കത്തിലുണ്ട്.
കടുത്ത സാന്പത്തികബാധ്യതയിലായിരുന്നു എൻ.എം. വിജയൻ എന്ന് തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണു കുടുംബം പുറത്തുവിട്ടത്. അരനൂറ്റാണ്ട് കാലം പാർട്ടിക്കുവേണ്ടി ജീവിതം തുലച്ചു.
മരണത്തിനുശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുള്ള കത്തിൽ പറയുന്നു. നാലു പേജിലാണു മകൻ വിജിത്തിനെ അഭിസംബോധന ചെയ്ത കത്തുള്ളത്.
അർബൻ ബാങ്കിലെ കടബാധ്യത പാർട്ടി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തിൽ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്.
കോണ്ഗ്രസിനെ വെട്ടിലാക്കുന്ന രീതിയിലുളള വെളിപ്പെടുത്തലുകളാണു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ രണ്ട് കത്തുകളിലുള്ളത്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻ.എം. വിജയൻ കത്തിൽ സൂചിപ്പിക്കുന്നു.
ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദേശിച്ചത് കോണ്ഗ്രസ് എംഎൽഎ ആണെന്നും പ്രശ്നം വന്നപ്പോൾ നേതൃത്വം കൈയൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്തു പറ്റിയാലും ഉത്തരവാദിത്വം പാർട്ടിക്കാണ്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെഴുതിയ സാന്പത്തിക ബാധ്യതകളെക്കുറിച്ചുളള കത്തിൽ ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പണം വാങ്ങിയെന്ന് പരാമർശമുണ്ട്.
പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തിൽ എൻ.എം. വിജയൻ പരാമർശിക്കുന്നു.