അനുരഞ്ജനത്തിൽ മുന്നേറാം: മാർ റാഫേൽ തട്ടിൽ
Wednesday, January 8, 2025 1:46 AM IST
കൊച്ചി: സഭയുടെ നന്മ മാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു. സഭയുടെ 33-ാമതു സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവതിരുമുമ്പിൽ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാശയോടെ പുതുവർഷത്തെ വരവേൽക്കാം. വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കണം. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവർ നന്മനിറഞ്ഞ തീരുമാനങ്ങൾകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും മാതൃക നല്കുന്നവരും പ്രചോദിപ്പിക്കുന്നവരുമാകണം. വ്യക്തി താത്പര്യങ്ങളും വിഭാഗീയതകളും മാറ്റിവച്ച് കൂട്ടുത്തരവാദിത്വത്തോടെ ലക്ഷ്യം നേടാനായി കഠിനാധ്വാനം ചെയ്യാം.
പ്രശ്നങ്ങൾക്കു നടുവിലും സാഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ ‘സിനഡാലിറ്റി’യുടെ ചൈതന്യത്തിൽ ഒരുമിച്ചുനടക്കാൻ സാധിക്കണം.
‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന ദൈവവചനത്തെ ആസ്പദമാക്കി ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം വളർത്താനും ആശങ്കകളുടെയും വെല്ലുവിളികളുടെയും സമയത്ത് ഈശ്വരദർശനത്തിൽ പുതുക്കപ്പെടാനും പരിശ്രമിക്കണം.
ജൂബിലി എന്നത് ക്രൈസ്തവ ജീവിതത്തിന്റെ മഹത്തായ ആഘോഷമാണ്. ഇത് പ്രത്യാശയോടും ഐക്യത്തോടും നവീകരിക്കപ്പെടാനും ദൈവികതയിലേക്ക് മടങ്ങിപ്പോകാനുമുള്ള കർത്താവിന്റെ വിളിയാണ്. ‘നമ്മൾ നിരാശയാൽ ചുറ്റപ്പെട്ടുവെന്ന് തോന്നുമ്പോൾ കർത്താവ് പുതിയ പാതകൾ തുറക്കുന്നു’വെന്ന മാർപാപ്പയുടെ വാക്കുകൾ നമുക്കാശ്വാസമാണെന്നും മേജർ ആർച്ച്ബിഷപ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
ഭദ്രാവതി ബിഷപ് മാർ ജോസഫ് അരുമച്ചാടത്തിന്റെ ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ച്ബിഷപ്പിനൊപ്പം സിനഡിലെ മെത്രാന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. മാർ ജോർജ് കൂവക്കാട്ടിനെ കർദിനാളായി ഉയർത്തിയതുവഴി ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വ്യക്തിപരമായും സീറോമലബാർ സഭയെ മുഴുവനായും ആദരിച്ചുവെന്നു മേജർ ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെയും മേജർ ആർച്ച്ബിഷപ് അനുമോദനങ്ങൾ അറിയിച്ചു.
രജതജൂബിലി ആഘോഷിക്കുന്ന അദിലാബാദ് രൂപതയുടെയും മേല്പട്ട ശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് കുന്നത്തിനെയും പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി പൂർത്തിയാക്കിയ മാർ ജോസഫ് പെരുന്തോട്ടത്തെയും രജതജൂബിലി പൂർത്തിയാക്കിയ മാർ തോമസ് തറയിലിനെയും മേജർ ആർച്ച്ബിഷപ് അനുമോദിച്ചു.
ഈ വർഷം സീറോമലബാർ സഭയിൽ പൗരോഹിത്യപട്ടമേറ്റ 283 നവവൈദികരെയും സമർപ്പിതസമൂഹങ്ങളിൽ ആദ്യവ്രത വാഗ്ദാനം നടത്തിയ 404 പേരെയും നിത്യവ്രത വാഗ്ദാനം നടത്തിയ 483 പേരെയും മേജർ ആർച്ച്ബിഷപ് അഭിനന്ദനങ്ങൾ അറിയിച്ചു.
സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്ന സിനഡ് സമ്മേളനം 11ന് സമാപിക്കും.