ബജറ്റ് സമ്മേളനത്തിന്റെ ആദ്യ മൂന്നു ദിവസം ചോദ്യോത്തരവേള ഒഴിവാക്കി
Wednesday, January 8, 2025 2:58 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിലെ മൂന്നു ദിവസം നിയമസഭയിലെ ചോദ്യോത്തര വേള പൂർണമായി ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ട ദിനങ്ങളിലെ ചോദ്യോത്തരവേളയാണു റദ്ദാക്കിയത്.
പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന 20 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണു ചോദ്യോത്തരവേള ഒഴിവാക്കിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ തുടർച്ചയായി മൂന്നു ദിവസം ചോദ്യോത്തരവേള ഒഴിവാക്കുന്നത് അത്യപൂർവമാണ്.
നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ജോലിക്കായി നിയമസഭയിലെ മുഴുവൻ ജീവനക്കാരെയും നിയോഗിച്ച സാഹചര്യത്തിൽ നിയമസഭാ ചോദ്യങ്ങൾക്കുള്ള ഉത്തരം തയാറാക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള തടസം നേരിടുന്ന സാഹചര്യത്തിലാണ് ചോദ്യോത്തരവേള ഉപേക്ഷിക്കുന്നതെന്നാണു വിശദീകരണം.
ഈ ദിവസങ്ങളിൽ പതിവുപോലെ രാവിലെ ഒൻപതിനു നിയമസഭാ സമ്മേളനം തുടങ്ങുമെങ്കിലും ചോദ്യോത്തരവേള ഉണ്ടാകില്ല. സാധാരണയായി രാവിലെ ഒൻപതു മുതൽ 10 വരെ ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. ഈ ദിനങ്ങളിൽ ശൂന്യവേളയോടെയാകും സമ്മേളനം തുടങ്ങുക. അടിയന്തരപ്രമേയമാണു ശൂന്യവേളയിലെ ആദ്യ ഇനം.
നിയമസഭാംഗങ്ങൾക്കു മുഖ്യമന്ത്രിയോടും മന്ത്രിമാരോടുമുള്ള വിവിധ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമാകുന്നതെന്നാണു പ്രതിപക്ഷ ആരോപണം. എന്നാൽ, പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണു തീരുമാനമെന്നാണു സ്പീക്കറുടെ ഓഫീസ് പറയുന്നത്.
15 -ാം കേരള നിയമസഭയുടെ സമ്മേളനം ജനുവരി 23നു താത്കാലികമായി അവസാനിപ്പിച്ചാൽ പിന്നീട് ഫെബ്രുവരി ഏഴിനു ബജറ്റ് അവതരണത്തിനാണ് വീണ്ടും ചേരുക. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.
മാർച്ച് 31നകം സന്പൂർണ ബജറ്റ് പാസാക്കുകയാണു ലക്ഷ്യം. അടുത്ത വർഷം പിണറായി സർക്കാരിനു ബജറ്റ് അവതരിപ്പിക്കാമെങ്കിലും സന്പൂർണ ബജറ്റ് പാസാക്കാനാകില്ല. വോട്ട് ഓണ് അക്കൗണ്ട് മാത്രമേ പാസാക്കാനാകൂ. 2026 മേയ് മാസത്തിൽ അധികാരത്തിൽ എത്തുന്ന സർക്കാരിനു മാത്രമേ സന്പൂർണ ബജറ്റ് അവതരിപ്പിക്കാൻ കഴിയൂ.
ആന്റണിയുടെയും കരുണാകരന്റെയും കാലത്തും ചോദ്യോത്തരവേള ഒഴിവാക്കിയിരുന്നു
മുൻപ് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കേ സർക്കാർ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് 2001 ൽ നിയമസഭയിലെ ചോദ്യോത്തരവേള ദീർഘമായി ഒഴിവാക്കിയിരുന്നു.
നിയമസഭാ ചോദ്യങ്ങൾക്കു മറുപടി എഴുതി തയാറാക്കാൻ, സമരത്തെത്തുടർന്ന് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിലാണ് അന്ന് ചോദ്യോത്തരവേള ഒഴിവാക്കിയത്. 1982 ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ ചില പ്രത്യേക സാഹചര്യത്തിൽ ചോദ്യോത്തരവേള ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു. ഇത് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.