അന്‍വറിന്റെ അറസ്റ്റില്‍ ബാഹ്യ ഇടപെടലില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
Tuesday, January 7, 2025 2:07 AM IST
നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റില്‍ ബാഹ്യ ഇടപെടലോ രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളോ ഇല്ലെന്നു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്.
നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നുഅദ്ദേഹം. പോലീസ് നടപടിയില്‍ അസ്വാഭാവികത തോന്നാമെന്നും എന്നാല്‍ അവര്‍ക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന പ്രതിഷേധ സമരങ്ങളോടു മന്ത്രിയായ ശേഷം ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, പി.വി. അന്‍വര്‍ എംഎല്‍എ നടത്തിയത് പ്രതിഷേധ സമരമല്ല, അക്രമ സമരമാണെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ആക്രമണം ഉള്‍വനത്തില്‍ വച്ചാണ് നടന്നതെങ്കിലും മരണപ്പെട്ട ആദിവാസി യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാന പ്രകാരമാണ്. വന്യമൃഗ ആക്രമണം മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നത് ആശ്വാസജനകമാണെണും മന്ത്രി പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനില്‍, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. അജ്മല്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. പദ്മാക്ഷന്, ഇ.എന്‍. മോഹന്‍ദാസ്, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, എന്‍സിപി നേതാക്കളായ ഷാഹുല്‍ ഹമീദ്, ആലീസ് മാത്യു, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എം. ബഷീര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി, കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ ബന്ധുക്കളെ കാണാന്‍ കരുളായി പൂച്ചപ്പാറ നഗറിലേക്ക് പോയി.