ശരീരഘടനയെക്കുറിച്ചു പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ: കോടതി
Wednesday, January 8, 2025 2:58 AM IST
കൊച്ചി: ശരീരഘടനയെക്കുറിച്ച് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി.
ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന് പുത്തന്‍വേലിക്കര സ്വദേശി ആര്.രാമചന്ദ്രന് നായര്‍ നല്കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
നല്ല ബോഡി സ്ട്രക്ചറാണെന്ന് സ്ത്രീകളോടു പറയുന്നത് ലൈംഗികച്ചുവയുള്ള പരാമര്ശമാകില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദം കോടതി തള്ളി. സഹപ്രവര്‍ത്തകയായ യുവതിയുടെ ശരീരഘടനയെ പുകഴ്ത്തിയതിനു പുറമെ പ്രതി അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും പൊതുമധ്യത്തില്‍ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. 2013-17 കാലഘട്ടത്തില്‍ പ്രതി സര്‍വീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം.
പ്രതിക്കെതിരേ യുവതി മേലധികാരികള്‍ക്കും കെഎസ്ഇബി വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. കാര്യമായ നടപടിയുണ്ടാകാത്തതിനാലാണു പോലീസില്‍ പരാതി നല്‍കിയത്.
ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തല്‍, പിന്തുടര്ന്ന് ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്.