അറസ്റ്റിൽ യുഡിഎഫ് അൻവറിനൊപ്പം; മുന്നണികാര്യത്തിൽ എടുത്തുചാടില്ല
Tuesday, January 7, 2025 2:07 AM IST
സാബു ജോണ്
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ കടുത്ത വിമർശനമുയർത്തി യുഡിഎഫ്, കോണ്ഗ്രസ് നേതാക്കൾ രംഗത്തു വരുന്പോഴും അൻവറിനെ യുഡിഎഫിലേക്ക് എത്തിക്കുന്നതിൽ ഏകാഭിപ്രായമില്ല.
അൻവറിനെ യുഡിഎഫിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഉണ്ടെങ്കിലും കടുത്ത എതിർപ്പു പ്രകടിപ്പിക്കുന്ന നേതാക്കളുമുണ്ട് എന്നത് അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിനു തത്കാലം വിലങ്ങുതടിയാകുകയാണ്.
അൻവറിന്റെ അറസ്റ്റിനെതിരേ അതിശക്തമായി പ്രതികരിക്കുന്നതിൽ കോണ്ഗ്രസ് നേതൃത്വം മടിച്ചു നിന്നില്ല. അൻവറിനോടു വിയോജിപ്പുള്ളവർ പോലും അൻവറിന്റെ അറസ്റ്റ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള ആയുധമാക്കി മാറ്റാനാണ് താത്പര്യപ്പെട്ടത്.
അൻവർ ഉയർത്തിയ വിഷയം യുഡിഎഫിനും താത്പര്യമുള്ളതാണ്. വന്യമൃഗശല്യത്തിൽ ഒരാൾ കൊല്ലപ്പെട്ട വിഷയമാണ് അൻവറിന്റെ അറസ്റ്റിലേക്കു നയിച്ചത്. യുവാവിന്റെ മരണത്തിനെതിരേയുള്ള പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു. വന്യമൃഗശല്യം മലയോരമേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ്. അതിനെതിരേയുള്ള പ്രതിഷേധത്തിൽ യുഡിഎഫ് മുൻപന്തിയിലുണ്ട്.
മുന്പ് കോതമംഗലത്ത് സമാനമായുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ അറസ്റ്റിലായത്. കൂടാതെ വനനിയമഭേദഗതിയും ഇപ്പോൾ വിവാദത്തിലാണ്. ഇതിനെതിരേയും മലയോരമേഖലയിൽ പ്രതിഷേധം ശക്തമാണ്.
ഈ സാഹചര്യത്തിൽ അൻവറിന്റെ അറസ്റ്റിൽ മൗനം പാലിക്കാൻ യുഡിഎഫിനു കഴിയില്ല. മാത്രമല്ല, പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുന്നത് സർക്കാരിനെതിരായ ജനവികാരം വളർത്തുന്നതിനു സഹായിക്കുമെന്നും യുഡിഎഫ് കരുതുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതും ഭരണപക്ഷത്തുള്ളവർക്കെതിരായ കേസുകളിലെ മെല്ലെപ്പോക്കും നേതാക്കൾ എടുത്തു കാട്ടുന്നുണ്ട്.
കേസുകളുടെ കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വെവ്വേറെ നീതി എന്ന ആക്ഷേപം ഒരിക്കൽകൂടി ഉറപ്പിക്കാനും അൻവറിന്റെ അറസ്റ്റ് വിഷയം യുഡിഎഫ് ഉയർത്തുന്നു. എന്നാൽ, അൻവറിന്റെ മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ ഈ ഏകാഭിപ്രായമില്ല.
ഉപതെരഞ്ഞെടുപ്പുകാലത്ത് ചേലക്കരയിൽ സ്വന്തമായി സ്ഥാനാർഥിയെ നിർത്തിയതും യുഡിഎഫിനു മുന്പാകെ കടുത്ത ഉപാധികൾ വച്ചതും അൻവറിന് ഇപ്പോൾ വിനയായി എന്നു പറയാം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനോടു താത്പര്യമുണ്ട്. പ്രതിപക്ഷ നേതാവിനാകട്ടെ അത്ര താത്പര്യമില്ല.
നിലന്പൂർ സീറ്റ് കോണ്ഗ്രസിന്റേതായതിനാൽ കോണ്ഗ്രസ് തീരുമാനിക്കട്ടെ എന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. അൻവറിനെ മുന്നണിയിലേക്കു കൊണ്ടു വരണമെന്ന് സിഎംപി നേതാവ് സി.പി. ജോണ് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും ആലോചനകളും വേണമെന്നാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ നിലപാട്.