മണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മന്ത്രിയെത്തി; ധനസഹായം കൈമാറി
Tuesday, January 7, 2025 2:07 AM IST
നിലമ്പൂര്‍: കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കുടുംബത്തിന് കൈമാറി. ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു.
നെടുങ്കയത്തുനിന്ന് 18 കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ സഞ്ചരിച്ചെത്തിയ മന്ത്രി കണ്ണിക്കൈയില്വച്ചാണ് മണിയുടെ മകള്‍ മീരയ്ക്കും സഹോദരന് അയ്യപ്പനും സഹായം കൈമാറിയത്. ശനിയാഴ്ചയാണ് കണ്ണികൈക്ക് സമീപം മണിക്ക് നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്.
വനംവകുപ്പ് പത്തുലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധന സാഹായം പ്രഖ്യാപിച്ചിരുന്നു. ഈ നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവാണു മന്ത്രി നേരിട്ടെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.
മണിയുടെ മകള്‍ മീര, സഹോദരന് അയ്യപ്പന് ഉള്‍പ്പെടെയുള്ള ബന്ധുക്കളാണു ധനസഹായം സ്വീകരിക്കാനെത്തിയത്. ഇവര്‍ക്ക് സര്‍ക്കാരില്‍നിന്നു നല്കാവുന്ന പരമാവധി സഹായം എത്തിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
തുടര്‍ന്ന് മന്ത്രി നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍, എസിഎഫ് അനീഷ സിദീഖ്, കരുളായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.കെ. മുജീബ് റഹ്മാന്, വിനോദ് ചെല്ലന് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.