മകൻ ഉൾപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർക്കു പറ്റിയ തെറ്റിനെ ന്യായീകരിക്കുന്നില്ല: യു. പ്രതിഭ എംഎൽഎ
Wednesday, January 8, 2025 1:46 AM IST
കായംകുളം: തന്റെ മകൻ ഉൾപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർക്കു പറ്റിയ തെറ്റിനെ ന്യായീകരിക്കുന്നില്ലെന്ന് യു. പ്രതിഭ എംഎൽഎ. എന്നാൽ, ഈ വിഷയം ഉയർത്തിക്കാട്ടി നിരന്തരം പാർട്ടിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് കായംകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.
മകന്റെ വിഷയത്തിൽ പാർട്ടിയെയും തന്നെയും ടാർജറ്റ് ചെയ്യുന്നത് രണ്ടു ചാനലുകളാണ്. സിപിഎമ്മിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ ചില ദൃശ്യമാധ്യമങ്ങൾ ശ്രമിക്കുന്നു.
തന്റെ മകൻ കനിവ് കഞ്ചാവ് കൈവശം വച്ചതിനു പിടിയിലായി എന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. നന്മതിന്മകളുടെ ഭാഗമാണ് പൊതുസമൂഹം. ആ സമൂഹത്തിന്റെ ഭാഗമാണ് തന്റെ മകനും. തെറ്റായവാർത്ത നൽകിയപ്പോൾ അമ്മ എന്ന നിലയിൽ വിഷമമുണ്ടായി.
ഇതുസംബന്ധിച്ച് താൻ നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു മതത്തെ അവഹേളിക്കാൻ ശ്രമിച്ചെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.
താൻ മതപരമായി പറഞ്ഞു എന്നു വരുത്താൻ ശ്രമിക്കുന്ന ഗൂഢശക്തികളാണ് ഇതിനു പിന്നിൽ. തന്റെ പേര് പറഞ്ഞ് പാർട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പുരകത്തുമ്പോൾ വാഴവെട്ടുന്ന രീതിയാണ് ബിജെപിക്കുള്ളതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.