എംഎൽഎയുടെ ഗതി ഇതെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നു ഹൈക്കോടതി
Tuesday, January 7, 2025 2:07 AM IST
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്കു പരിക്കേൽക്കാനിടയായ കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗിന്നസ് റിക്കാർഡ് നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരേ വിമർശനവുമായി ഹൈക്കോടതി.
എംഎൽഎയ്ക്കു പരിക്കേറ്റ ശേഷവും പരിപാടി കുറച്ചുനേരത്തേക്കെങ്കിലും എന്തുകൊണ്ടു നിർത്തിവച്ചില്ലെന്നു ചോദിച്ച സിംഗിൾ ബെഞ്ച്, മനുഷ്യത്വം എന്നൊന്നില്ലേയെന്നും വിമർശിച്ചു.
നൃത്തപരിപാടിയുടെ പേരിൽ പണപ്പിരിവ് നടത്തി നർത്തകരെ വഞ്ചിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ സംഘാടകരായ മൂന്നു പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിമർശനം.
എംഎൽഎ വീണെന്നറിഞ്ഞിട്ടും സംഘാടകർ തിരിഞ്ഞുനോക്കിയില്ലെന്നു കോടതിയുടെ കുറ്റപ്പെടുത്തി. ആശുപത്രിയിൽ എത്തുന്നതു വരെയെങ്കിലും കാത്തിരിക്കാമായിരുന്നു. അര മണിക്കൂർ പോലും പരിപാടി നിർത്തിവയ്ക്കാതിരുന്നത് എന്തുകൊണ്ടാണ്? പരിക്കേറ്റയാൾക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാനുളള ബാധ്യത സംഘാടകർക്കുണ്ടായിരുന്നു.
എംഎൽഎയുടെ ഗതിയിതെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? സംഘാടകർ കാണിച്ചതു ക്രൂരതയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകർ പുറത്തിറക്കിയ ബ്രോഷർ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
ഒന്നാം പ്രതി നിഗോഷ് അടക്കമുളള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പത്തിന് പരിഗണിക്കാനായി മാറ്റി.