മുനമ്പം: നൂറാം ദിനത്തിൽ രാപകൽ സമരം
Tuesday, January 7, 2025 2:07 AM IST
കൊച്ചി: ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന ഉപവാസ സമരത്തിന്റെ നൂറാം ദിനത്തിൽ ‘രാപകൽ സമരം’ നടത്തും.
അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസിന്റെ (ആക്ട്സ് ) നേതൃത്വത്തിൽ 20നു രാവിലെ മുതൽ 21നു രാവിലെ വരെയാണു സമരം.
വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ പങ്കെടുക്കും. കുരുവിള മാത്യൂസ് ചെയർമാനും അഡ്വ. ചാർളി പോൾ ജനറൽ കൺവീനറും ജോസഫ് കോട്ടൂരാൻ, ജോർജ് ഷൈൻ എന്നിവർ ജോയിന്റ് കൺവീനറുമായി 51 അംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു.
കൊച്ചിയിൽ ചേർന്ന ആക്ട്സ് സംസ്ഥാന നേതൃയോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഷെവ. വി.സി. സെബാസ്റ്റ്യൻ, പ്രഫ. ഷേർലി സ്റ്റുവർട്ട്, ഷെവ. ബിബി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.