ജന്മനാ വൈകല്യം ബാധിച്ച ജസീമിന് ഇലക്ട്രിക് വീല്‍ചെയര്‍ നല്കി എം.എ. യൂസഫലി
Monday, January 6, 2025 4:46 AM IST
ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്കിയ വാക്കുപാലിച്ച് എം.എ. യൂസഫലി. ജന്മനാ സെറിബ്രല്‍ പാഴ്സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ വേണമെന്ന ആഗ്രഹം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി സാധിച്ചു നല്‍കിയത്.
ഇരട്ടകളായി ജനിച്ച ജസീമിന് സഹോദരനെ പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല. പരിശോധനയിലാണ് സെറിബ്രല്‍ പാഴ്സിയാണ് അസുഖമെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ് വളര്‍ത്തുകയായിരുന്നു. നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിന്ന് പരിമിതികള്‍ക്കുള്ളിലും പ്ലസ്ടു വിദ്യാഭ്യാസം ജസീം സ്വന്തമാക്കി.
ഒരു ഇലക്ട്രിക് വീല്‍ചെയര്‍ ലഭിച്ചാല്‍ പരസഹായം ഇല്ലാതെ തനിക്ക് സ്വന്തമായി ചലിക്കാം എന്നതായിരുന്നു 23കാരന് ജസീമിന്റെ ആഗ്രഹം. പിന്നാലെയാണ് സഹായം അഭ്യര്‍ഥിച്ച് എം.എ. യൂസഫലിക്ക് മെയില്‍ അയയ്ക്കാന്‍ മാതൃസഹോദരന്‍ അബ്ദുള്‍ മനാഫ് തീരുമാനിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് യൂസഫലിയുടെ ഓഫീസിലേക്ക് ഇ-മെയില്‍ അപേക്ഷ അയച്ചു. മെയിലിന് മറുപടിയുമായി ജസീമിന്റെ അവസ്ഥ തിരക്കി ലുലു പ്രതിനിധികളും എത്തി.
ഹരിപ്പാട് സബര്‍മതി സ്കൂള്‍ സന്ദര്‍ശനവേളയില്‍ ജസീമിനെ എം.എ. യൂസഫലി നേരില്‍ കണ്ടു. ഇലക്ട്രിക് വീല്‍ചെയര്‍ വീട്ടിലെത്തുമെന്ന് എം.എ. യൂസഫലി അന്ന് ഉറപ്പു നല്കി. കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എന്‍.ബി. സ്വരാജ് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം ജസീമിന് വീട്ടിലെത്തി ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറി. സ്വന്തമായി എന്തെങ്കിലും തൊഴില്‍ കണ്ടെത്തണമെന്നതാണ് ജസീമിന്റെ ആഗ്രഹം.